Mon. Dec 23rd, 2024
അമൃത്സർ:

പഞ്ചാബിൽ പാർട്ടി പ്രവർത്തകരെ ഒരുമിച്ചു കൊണ്ടുപോകുന്നതിന്റെ ഭാഗമായി നവ്ജ്യോത് സിങ് സിദ്ദുവിനെ ഉപമുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് നീക്കമെന്ന് അടുത്ത വൃത്തങ്ങൾ. സംസ്ഥാന അധ്യക്ഷൻ സുനിൽ ജാഖറെ മാറ്റാൻ നീക്കമുണ്ടെന്നും സൂചനയുണ്ട്. സുനിൽ ജാഖർ കാലാവധി പൂർത്തിയാക്കിയെങ്കിലും തുടരാൻ ഹൈക്കമാൻഡ് നിർദേശിക്കുകയായിരുന്നു. സിദ്ദുവിനു പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കും നോട്ടമുണ്ട്.

കോൺഗ്രസ് ഹൈക്കമാൻഡ് നിയോഗിച്ച മൂന്നംഗ സംഘം മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയതിനു പിന്നാലെയാണ് വെളിപ്പെടുത്തൽ. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നേരിടുന്നതിനുമാണ് സമിതിയെ നിയോഗിച്ചത്. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ, ഹരീഷ് റാവത്ത്, ജെപിഅഗർവാൾ എന്നിവരടങ്ങുന്ന സമിതിയാണ് ചർച്ച നടത്തിയത്.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, നവ്ജ്യോത് സിങ് സിദ്ദു എന്നിവരുമായും സംസ്ഥാനത്തെ മറ്റു നേതാക്കളുമായും ചർച്ച നടത്തി. അമരീന്ദർ സിങ്ങും നവ്ജ്യോത് സിങ് സിദ്ദുവും തമ്മിൽ വാക്പോര് രൂക്ഷമായിരുന്നു. തിരഞ്ഞെടുപ്പിൽ ഇത് തിരിച്ചടിയാകാൻ സാധ്യതയുള്ളതിനാലാണ് ഹൈക്കമാൻഡ് അനുനയ നീക്കം ആരംഭിച്ചത്.

മന്ത്രിസഭയിൽ മാറ്റം വരുത്തുന്നതിനും തിരഞ്ഞെടുപ്പിനെ നേരിടുന്നതിനും മുന്നോടിയായാണ് ചർച്ച നടത്തുന്നത്. റിപ്പോർട്ട് അടുത്ത ആഴ്ച പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് സമർപ്പിക്കും.

By Divya