Thu. Apr 25th, 2024
മലപ്പുറം:

കണ്ണൂർ കോട്ടയിലെ ലൈറ്റ് ആന്‍ഡ് ഷോ പദ്ധതിയിലെ അഴിമതി അന്വേഷണത്തില്‍ അബ്ദുള്ളക്കുട്ടിയെ തള്ളി എ പി അനില്‍കുമാര്‍ എംഎല്‍എ. ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നും  കരാർ നൽകിയതടക്കമുള്ള കാര്യങ്ങൾ ചെയ്തത് ഡിടിപിസി യും ഉദ്യോഗസ്ഥരുമാണെന്നും മുന്‍മന്ത്രി പറഞ്ഞു. 

കണ്ണൂർ കോട്ടയിൽ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ പദ്ധതി നടപ്പാക്കിയതിൽ  മൂന്ന് കോടിയിലേറെ രൂപയുടെ അഴിമതി നടന്നെന്നാണ് വിജിലന്‍സിന്‍റെ പ്രാഥമിക നിഗമനം. 2016 ൽ നടപ്പാക്കിയ പദ്ധതിയിൽ അന്ന് കണ്ണൂർ എംഎൽഎ ആയിരുന്ന എ പി അബ്ദുള്ളക്കുട്ടിയുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. ഞെട്ടിപ്പിക്കുന്ന അഴിമതി നടന്നെന്ന് സമ്മതിച്ച അബ്ദുള്ളക്കുട്ടി, ഉത്തരവാദി അന്നത്തെ ടൂറിസം മന്ത്രി എ പി അനിൽ കുമാര്‍ ആണെന്നാണ് ആരോപിക്കുന്നത്.

2016ൽ യുഡിഎഫ് സർക്കാരിന്‍റെ അവസാന കാലത്താണ് കണ്ണൂർ സെന്‍റ് ആഞ്ചലോസ് കോട്ടയിൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ പദ്ധതി നടപ്പാക്കിയത്.  മന്ത്രി എപി അനിൽകുമാറിന്‍റെയും എംഎൽഎ അബ്ദുള്ളക്കുട്ടിയുടെയും നേതൃത്വത്തിൽ  മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു.  

ബെംഗളൂരു ആസ്ഥാനമായ ദിശ എന്ന കമ്പനിയാണ് ഇത് നടപ്പാക്കിയത്. പദ്ധതി വൻ തട്ടിപ്പാണെന്നും ഇവന്‍റ് മാനേജ്മെന്‍റ് ടീമിനെ കൊണ്ടുവന്ന് ഒരാഴ്ചത്തേക്ക് താത്കാലികമായി ഷോ നടത്തി ചില ഉപകരണങ്ങൾ മാത്രം കോട്ടയിൽ ബാക്കിവച്ച് കമ്പനി മുങ്ങിയെന്നാണ് പ്രാഥമിക കണ്ടെത്തൽ.

By Divya