തിരുവനന്തപുരം:
രോഗപ്രതിരോധ വാക്സിൻ നിർമാണ മേഖലയിലേക്ക് കടക്കുന്നതിനായി വാക്സിൻ ഗവേഷണം കേരളത്തിൽ ആരംഭിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലാണ് വാക്സിൻ ഗവേഷണം ആരംഭിക്കുക. 10 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്.
ഇൻസ്റ്റിറ്റ്യൂട്ട് മുൻകൈയെടുത്ത് ലൈഫ് സയൻസ് പാർക്കിൽ വാക്സിൻ ഉല്പ്പാദന കമ്പനികളുടെ യൂണിറ്റ് ആരംഭിക്കുന്നതിന്‍റെ സാധ്യത തേടും. ഇതിനായി കമ്പനികളുമായി ആശയവിനിമയം നടത്തും. പൊതുസൗകര്യങ്ങൾ ലഭ്യമാക്കിയാൽ വാക്സിൻ കമ്പനികൾ ഉല്പ്പാദന യൂണിറ്റ് കേരളത്തിൽ തുടങ്ങാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയതായി ധനമന്ത്രി സൂചിപ്പിച്ചു.
അമേരിക്കയിലെ സെന്‍റർ ഫോർ ഡിസീസ് കൺട്രോളിന്‍റെ മാതൃകയിൽ സ്ഥാപനം കേരളത്തിൽ ആരംഭിക്കുന്നതിന്‍റെ സാധ്യതാപഠനം നടത്തും. മെഡിക്കൽ ഗവേഷണത്തിനും സാംക്രമിക രോഗങ്ങളെ തടയുന്നതിനും ഇത്തരമൊരു സ്ഥാപനം ഭാവിയിൽ മുതൽക്കൂട്ടാകുമെന്ന് ബജറ്റിൽ ചൂണ്ടിക്കാട്ടി. സാധ്യതാപഠനത്തിനും പദ്ധതി രൂപരേഖ തയാറാക്കുന്നതിനുമായി 50 ലക്ഷം രൂപയാണ് വകയിരുത്തിയത്.
ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ 2800 കോടിയുടെ രണ്ടാം പാക്കേജാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. 18 വയസിന് മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ സൗജന്യമായി നൽകാനുള്ള പദ്ധതിക്കായി 1000 കോടി അനുവദിച്ചു.
മെഡിക്കൽ കോളജിൽ പകർച്ചവ്യാധി ബ്ലോക്ക് നിർമിക്കാൻ 50 കോടി നീക്കിവെച്ചു. സിഎച്ച്സികളിൽ 10 ബെഡുള്ള ഐസൊലേഷൻ വാർഡുകൾ ഒരുക്കും. ഒരു കേന്ദ്രത്തിന് മൂന്നുകോടി ചെലവു വരുമെന്നും ധനമന്ത്രി പറഞ്ഞു.
അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് 500 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽകോളജുകളിൽ ഐസൊലേഷൻ ബ്ലോക്ക് സ്ഥാപിക്കുന്നതിന് 50 കോടി അനുവദിച്ചു. പീഡിയാട്രിക് ഐസിയു കിടക്കകൾ വർദ്ധിപ്പിക്കും. 150 മെട്രിക് ടൺ ശേഷിയുള്ള ഓക്സിജൻ പ്ലാൻറ് സ്ഥാപിക്കും.