Fri. Apr 26th, 2024
തിരുവനന്തപുരം:

കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു. മൂന്ന് മാസത്തേക്കാണ് സ്റ്റേ. 58 അധ്യാപക നിയമനങ്ങള്‍ റദ്ദാക്കിയ നടപടിയാണ് സ്റ്റേ ചെയ്തത്.

സര്‍ക്കാരും, കേരള സര്‍വകലാശാലയും നല്‍കിയ അപ്പീലിലാണ് നടപടി. അപ്പീലില്‍ മൂന്ന് മാസത്തിന് ശേഷം അന്തിമ വാദം കേള്‍ക്കും. ഇക്കഴിഞ്ഞ മെയ് 7 നാണ് നിയമനങ്ങള്‍ റദ്ദാക്കി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടത്.

തസ്തികകള്‍ റദ്ദാക്കിയപ്പോള്‍ സംവരണ തസ്തികകള്‍ നിശ്ചയിച്ച രീതി ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 2017ലെ വിജ്ഞാപനപ്രകാരമാണ് കേരള സര്‍വകലാശാല നിയമനം നടത്തിയത്. വിവിധ വകുപ്പുകളിലെ തസ്തികകള്‍ ഒറ്റയൂണിറ്റാക്കിയാണ് സംവരണം നടത്തിയത്. സര്‍വകലാശാല നിയമനം സുപ്രീം കോടതി വിധിക്കെതിരാണെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പറഞ്ഞിരുന്നു.

രണ്ട് അധ്യാപകര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി വിധി. ഭരണഘടനാവിരുദ്ധമായ രീതിയിലാണ് സംവരണം തീരുമാനിച്ചതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സര്‍വകലാശാലയിലെ വിവിധ വകുപ്പുകളില്‍ ഉണ്ടായിരുന്ന എല്ലാ ഒഴിവുകളും ഒറ്റയൂണിറ്റായി കണക്കാക്കിയിട്ടായിരുന്നു സംവരണത്തിനുള്ള തസ്തിക തീരുമാനിച്ചതെന്ന് പരാതിക്കാരുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇവരുടെ വാദങ്ങള്‍ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

By Divya