Mon. Dec 23rd, 2024
മലപ്പുറം:

ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം സംബന്ധിച്ച വിഷയത്തില്‍ മുസ്‌ലിം ലീഗിന് ഇരട്ട നിലപാടെന്ന് മുന്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി കെ ടി ജലീല്‍. മുസ്‌ലിം ലീഗ് എന്തുകൊണ്ട് നിയമസഭയില്‍ ഒരു അടിയന്തര പ്രമേയം പോലും കൊണ്ടു വന്നില്ലെന്നും ജലീല്‍ ചോദിച്ചു. ഫേസ് ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

80:20 അനുപാതം റദ്ദാക്കിയ നടപടിയില്‍ ഇരട്ട നിലപാടാണ് മുസ്‌ലിം ലീഗിന് ഉള്ളതെന്നും ജലീല്‍ പറഞ്ഞു. ലീഗ് നിയമസഭാ സാമാജികരുടെ ഭാഗത്ത് നിന്ന് എടുത്തുപറയത്തക്ക ഒരു ഇടപെടല്‍ പോലും സഭാ തലത്തില്‍ ഉണ്ടായിട്ടില്ലെന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സഭക്ക് പുറത്ത് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം നടത്തുന്ന ലീഗ് ഒരു ‘അഴകൊഴമ്പന്‍’ സമീപനമാണ് സഭക്കകത്ത് 80:20 അനുപാത വിഷയത്തില്‍ സ്വീകരിക്കുന്നത്. ഈ കാപട്യം എല്ലാ മതസംഘടനകളും മനസ്സിലാക്കണം. നാലാം തിയ്യതി വിളിക്കുന്ന സര്‍വ്വകക്ഷി യോഗത്തില്‍ ലീഗിന്റെ ഉറച്ച നിലപാട് വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കാമെന്നും ജലീല്‍ പരിഹസിച്ചു.

മദ്രസ്സാ അദ്ധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നതെന്തിനാണെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ച സംഭവത്തിലും ജലീല്‍ പ്രതികരിച്ചു.

‘മദ്രസ്സാ അദ്ധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നു എന്ന നുണ ആരോ എഴുതി കൊടുത്തതിന്റെ പേരിലാണ് നീതിന്യായ സംവിധാനം സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കല്‍ക്കത്ത ഹൈക്കോടതിയില്‍ ഖുര്‍ആന്‍ നിരോധിക്കണമെന്ന് പറഞ്ഞ് രണ്ടുപേര്‍ കേസ് കൊടുത്ത സംഭവമാണ് സ്മൃതിപഥത്തില്‍ തെളിഞ്ഞ് വരുന്നത്. ഇനിയും എന്തൊക്കെയാണാവോ കാണുകയും കേള്‍ക്കുകയും ചെയ്യേണ്ടി വരിക,’ എന്നും ജലീല്‍ പറഞ്ഞു.

80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലായിരുന്നു ഇതുവരെ ക്ഷേമ പദ്ധതികള്‍. ഈ അനുപാതമാണ് ഹൈക്കോടതി റദ്ദ് ചെയ്തത്.

ഇപ്പോള്‍ 18 ശതമാനം ക്രിസ്ത്യാനികളും 27 ശതമാനം മുസ്‌ലിം വിഭാഗക്കാരുമാണ്. പുതിയ ഉത്തരവ് നിലവില്‍ വരികയാണെങ്കില്‍ 60:40 എന്ന അനുപാതത്തിലേക്ക് വരും. എന്നാല്‍ ക്രൈസ്തവ വിഭാഗത്തിലെ പിന്നോക്ക വിഭാഗക്കാരെ മാത്രമാണ് പരിഗണിക്കുന്നതെങ്കില്‍ നിലവിലെ അനുപാതം തന്നെ തുടരേണ്ടി വരും.

നിലവിലെ അനുപാതം ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ വലിയ അതൃപ്തി ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ക്രൈസ്തവ വിഭാഗങ്ങള്‍ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു.

By Divya