Fri. Apr 19th, 2024
വയനാട്‌:

വയനാട് മുട്ടില്‍ വില്ലേജിലെ അനധികൃത മരംമുറിയില്‍ അടിയന്തര അന്വേഷണത്തിന് റവന്യു വകുപ്പ്. ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് റവന്യൂ മന്ത്രി നിര്‍ദേശം നല്‍കി. വിവാദം കനത്തതോടെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വനം വകുപ്പ് നടപടിയാരംഭിച്ചു. മുഖ്യപ്രതികളെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

മുറിച്ചുമാറ്റി കടത്താന്‍ ശ്രമിച്ച 202 ക്യുബിക് മീറ്റര്‍ ഈട്ടിത്തടി വനം വകുപ്പ് പിടിച്ചെടുക്കുകയും 42 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്ത് രണ്ട് മാസം കഴിഞ്ഞിട്ടും റവന്യൂ വകുപ്പ് മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നുവെന്ന ആരോപണം ശക്തമായിരുന്നു.

ഭൂവുടമകളായ ആദിവാസികളെ കബളിപ്പിച്ചാണ് മരംമുറിച്ചു മാറ്റിയതെന്ന് വനം വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിട്ടും കേസില്‍ നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് റവന്യൂ മന്ത്രി നിര്‍ദേശം നല്‍കി ഉത്തരവിറക്കിയത്.

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് റവന്യൂ വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട 15 പേരുടെയും പട്ടിക ജാതി വിഭാഗത്തില്‍ പെട്ട ഒരാളുടെയും കൈവശഭൂമിയില്‍ നിന്നാണ് ഈട്ടിമരങ്ങള്‍ മുറിച്ചു മാറ്റിയതെന്നാണ് വനം വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

മരങ്ങള്‍ക്ക് 15 കോടിയോളം രൂപ വില വരും. റിസര്‍വ് ചെയ്ത ഈട്ടി മരങ്ങളുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിനായിട്ടും മരം പിടികൂടിയത് ഉദ്യോഗസ്ഥര്‍ ഗൗരവത്തിലെടുത്തില്ലെന്ന് ആക്ഷേപം ശക്തമായിരുന്നു. അന്വേഷണത്തിലെ മെല്ലേപോക്ക് അനുവദിക്കില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രനും നേരത്തെ വ്യക്തമാക്കിയിരുന്നു.

By Divya