Wed. Jan 22nd, 2025
ന്യൂഡൽഹി:

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള തര്‍ക്കം തുടരുന്നു.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ നിന്നും മമത ഇറങ്ങിപ്പോയത് മോദിയുടെ അനുമതിയില്ലാതെയായിരുന്നു എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
പ്രധാനമന്ത്രിയെ കാണാന്‍ തന്നെ കാത്തുനിര്‍ത്തിപ്പിച്ചു എന്ന മമതയുടെ വാദവും കേന്ദ്രം തള്ളിയതായാണ് വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രധാനമന്ത്രി 1.59 നാണ് എത്തിയതെന്നും പിന്നീട് 2.10 നാണ് മമത എത്തിയെതെന്നുമാണ് കേന്ദ്രം പറയുന്നത്. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മമത തയ്യാറായിരുന്നെന്നും എന്നാല്‍ തൃണമൂല്‍ വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന സുവേന്തു അധികാരി യോഗത്തിലുണ്ടാകുമെന്ന് അറിഞ്ഞതോടെ തീരുമാനം മാറ്റുകയായിരുന്നുവെന്നും സര്‍ക്കാര്‍ വൃത്തം പറയുന്നു.

പ്രധാനമന്ത്രി വിളിച്ച അവലോകന യോഗത്തില്‍ നിന്നും മമത ഇറങ്ങിപ്പോയത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയത്. യാസ് ചുഴലിക്കാറ്റിന്റെ ആഘാതം വിലയിരുത്തുന്നതിനായി നിശ്ചയിച്ച കൂടിക്കാഴ്ചയാണ് മമത ഒഴിവാക്കിയത്.
ചുഴലിക്കാറ്റ് ഉണ്ടാക്കിയ നാശനഷ്ടത്തെക്കുറിച്ച് അവലോകനത്തില്‍ പങ്കെടുക്കേണ്ടതായിരുന്നുവെങ്കിലും മോദിക്ക് റിപ്പോര്‍ട്ട് കൈമാറിയ ശേഷം മമത പോവുകയായിരുന്നു.

താങ്കള്‍ എന്നെ കാണാന്‍ വന്നു, അതുകൊണ്ടാണ് ഞാന്‍ ഇന്ന് വന്നത്. ഞാനും എന്റെ ചീഫ് സെക്രട്ടറിയും ഈ റിപ്പോര്‍ട്ട് താങ്കള്‍ക്ക് സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ ദിഗയില്‍ ഒരു മീറ്റിംഗ് നടത്തുന്നുണ്ട്.

അതിനാല്‍ ഞങ്ങള്‍ താങ്കളുടെ അനുമതി തേടുന്നു, എന്നാണ് മമത മോദിയോട് പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. 15 മിനുട്ട് നേരം മാത്രമാണ് മമത മോദിയെ കാണാന്‍ വേണ്ടി ചെലവഴിച്ചത്.

By Divya