Fri. Nov 22nd, 2024
ബെയ്​ജിങ്​:

കൊവിഡിനെതിരെ ചൈന വികസിപ്പിച്ച മറ്റൊരു വാക്​സിന്​ കൂടി ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. മാസങ്ങൾക്ക്​ മുമ്പ്​ ‘അനുമതി നൽകിയ സിനോഫാ’മി​ൻറെ പിൻഗാമിയായി എത്തിയ ‘സിനോവാകി’​നാണ്​ അനുമതി. നിരവധി രാജ്യങ്ങൾ ഈ മരുന്ന്​ നിലവിൽ ഉപയോഗിച്ചുവരുന്നുണ്ട്​.

സുരക്ഷയിലും നിർമാണത്തിലും ഫലപ്രാപ്​തിയിലും രാജ്യാന്തര മാനദണ്​ഡങ്ങൾ പാലിക്കുന്നുണ്ടെന്ന്​ അംഗീകാരം നൽകിയ ലോകാരോഗ്യ സംഘടന അറിയിച്ചു. 18 വയസ്സിൽ കൂടുതലുള്ളവർക്കാണ്​ നിലവിൽ ഇത്​ ഉപയോഗിക്കാനാവുക. പരീക്ഷണങ്ങളിൽ പ​ങ്കെടുത്ത പകുതിയിലേറെ പേരിലും രോഗം വരാതെ സൂക്ഷിച്ചതായും ഗുരുതരമാകാതെ 100 ശതമാനം പേരെയും സംരക്ഷിച്ചതായും റിപ്പോർട്ട്​ പറയുന്നു.

അടിയന്തര ഉപയോഗങ്ങൾക്ക്​ ഒരു ചൈനീസ്​ വാക്​സിൻ കൂടി എത്തുന്നതോടെ ആഗോള വിപണിയിൽ വാക്​സിൻ ക്ഷാമം ഒരു പരിധി വരെ തടയാനാകുമെന്നാണ്​ ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടൽ.

ചൈനക്കു പുറമെ ചിലി, മെക്​​സിക്കോ, ബ്രസീൽ, ഇന്തോനേഷ്യ, തായ്​ലൻഡ്​, തുർക്കി രാജ്യങ്ങൾ നേരത്തെ ഈ വാക്​സിൻ ഉപയോഗപ്പെടുത്തിവരുന്നുണ്ട്​. മേയ്​ വരെ 60 കോടി വാക്​സിൻ ചൈനയിലും വിവിധ രാജ്യങ്ങളിലുമായി വിതരണം ചെയ്​തിട്ടുണ്ട്​.

രണ്ട്​-എട്ട്​ ഡിഗ്രി സെൽഷ്യസിൽ റ​ഫ്രിജറേറ്ററുകളിൽ ഇത്​ സൂക്ഷിക്കാനാകുമെന്നതാണ്​ സിനോവാകി​ൻറെ പ്രധാന ഗുണം. മറ്റുള്ളവ കൂടുതൽ തണുപ്പിലേ സൂക്ഷിക്കാനാകൂ.

By Divya