Fri. Apr 26th, 2024
ന്യൂഡല്‍ഹി:

സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് അരുണ്‍ മിശ്രയെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാക്കാനുള്ള കേന്ദ്ര തീരുമാനത്തെ വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. പ്രവര്‍ത്തനം ഏകദേശം നിലച്ച ഒരു സ്ഥാപനം ഇനി മുതല്‍ മരിച്ചതായി നമുക്ക് കണക്കാക്കാം എന്നാണ് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

‘ജസ്റ്റിസ് അരുണ്‍ മിശ്ര ദേശീയ മനുഷ്യവകാശ കമ്മീഷന്റെ അടുത്ത ചെയര്‍പേഴ്‌സണ്‍ ആകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഏറെക്കുറെ പ്രവര്‍ത്തനം നിലച്ച ഒരു സ്ഥാപനം പൂര്‍ണ്ണമായി മരിച്ചുവെന്ന് പ്രതീക്ഷിക്കാം. രാജ്യത്തെ പ്രധാന സ്ഥാപനങ്ങളോട് മോദി സര്‍ക്കാര്‍ ചെയ്യുന്നത് ഇതാണ്,’ ഭൂഷണ്‍ ട്വിറ്ററിലെഴുതി.

കേന്ദ്രത്തിന്റെ ഈ തീരുമാനത്തെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയും രംഗത്തെത്തിയിരുന്നു. അരുണ്‍ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാകും. ദേശീയ വനിതാ കമ്മീഷന്റെ അടുത്ത അധ്യക്ഷനായി രഞ്ജന്‍ ഗൊഗോയ് വന്നാല്‍ ആശ്ചര്യപ്പെടേണ്ടതില്ല, എന്നാണ് മഹുവ പരിഹസിച്ചത്.

ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ ജസ്റ്റിസുമാരാണ് അരുണ്‍ മിശ്രയും രഞ്ജന്‍ ഗൊഗോയിയും. അരുണ്‍ മിശ്ര സര്‍വ്വീസിന്റെ അവസാനകാലത്ത് പുറപ്പെടുവിപ്പിച്ച വിധികളെല്ലാം വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ലൈംഗികാരോപണം നേരിട്ട രഞ്ജന്‍ ഗോഗോയി ഇപ്പോള്‍ രാജ്യസഭാംഗമാണ്.

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പേര് കേന്ദ്ര സര്‍ക്കാറാണ് നിര്‍ദേശിച്ചത്.

By Divya