കൊച്ചി:
ലക്ഷദ്വീപിൽ നിന്ന് അടിയന്തര ചികിത്സയ്ക്കായി വിമാനമാർഗം കൊച്ചിയിലേക്ക് രോഗികളെ കൊണ്ടുവരുന്നതിന് മാർഗരേഖ തയ്യാറാക്കണമെന്ന് ഹൈക്കോടതി. നിലവിലെ ചട്ടങ്ങളിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഭേദഗതി വരുത്തിയത് ചോദ്യം ചെയ്തുളള ഹർജിയിലാണ് നടപടി.
കളക്ടറുടെ കോലം കത്തിച്ചതിന്‍റെ പേരിൽ തടഞ്ഞുവെച്ചിരിക്കുന്നവരെ അടിയന്തരമായി കോടതിയിൽ ഹാജരാക്കാനും ഹൈക്കോടതി നിർദേശിച്ചു. തുടർ സമരം ആലോചിക്കുന്നതിനായി നാളെ കൊച്ചിയിൽ സർവകക്ഷി യോഗം ചേരും.
ലക്ഷദ്വീപിൽ നിന്ന് ഹെലികോപ്ടർ മാർഗം ചികിത്സക്കായി രോഗികളെ കൊച്ചിയിലേക്ക് എത്തിക്കുന്നതിനുളള വ്യവസ്ഥകളിൽ ലക്ഷദ്വീപ് അഡ്മിനിട്രേഷൻ അടുത്തയിടെ മാറ്റങ്ങൾ വരുത്തിയിരുന്നു. എന്നാൽ പുതിയ നിർദേശങ്ങൾ ചികിത്സയ്ക്ക് കാലതാമസുണ്ടാക്കുന്നെന്നാരോപിച്ചുളള പൊതുതാൽപര്യ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
ഇക്കാര്യത്തിൽ വ്യക്തമായ മാർഗരേഖ തയാറാക്കാൻ അഡ്മിനിസ്ട്രേഷനോട് കോടതി നിർദേശിച്ചു. പത്തുദിവസത്തിനകം മാർഗരേഖ തയാറാക്കി കോടതിയെ അറിയിക്കുകയും വേണം. മറ്റുദ്വീപുകളിൽ നിന്ന് കവരത്തിയിലേക്ക് രോഗികളെ എത്തിക്കുന്നനും മാർഗരേഖ വേണമെന്നും കോടതിയാവശ്യപ്പെട്ടു.