Sun. Dec 22nd, 2024
മേഘാലയ:

മേഘാലയയിലെ ഈസ്​റ്റ്​ ജയന്തിയ ഹില്ലിൽ പ്രവർത്തിക്കുന്ന അനധികൃത കൽക്കരി ഖനിയിൽ സ്ഫോടനം. ഖനിക്കകത്ത് ജോലി ചെയ്യുകയായിരുന്ന അഞ്ച്​ തൊഴിലാളികൾ കുടുങ്ങി. ഞായറാഴ്ചയാണ് ഡൈനാമൈറ്റ്​ പൊട്ടിത്തെറിച്ച്​ ഖനിയിൽ സ്ഫോടനമുണ്ടായത്.

സ്ഫോടനത്തിൽ​ ഖനിയുടെ ഭിത്തി തകർന്നതാണ് തൊഴിലാളികൾ കുടുങ്ങാൻ കാരണമായതെന്ന് പൊലീസ് പറഞ്ഞു. കാണാതായ തൊഴിലാളികളിൽ നാലു പേർ അസമിൽ നിന്നുള്ളവരും ഒരാൾ ത്രിപുര സ്വദേശിയുമാണ്.

തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ദുരന്ത നിവാരണ സേനയും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഞായറാഴ്​ച മുതൽ തൊഴിലാളികൾ അപകടത്തിൽ പെട്ടിട്ടുണ്ടെങ്കിലും മോശം കാലാവസ്​ഥ കാരണം അനധികൃതമായി പ്രവർത്തിച്ച ഖനി കണ്ടെത്താൻ സാധിച്ചില്ലെന്ന്​ പൊലീസ്​ ഉദ്യോഗസ്​ഥർ പറഞ്ഞു.

പെ​ട്ടെന്നുണ്ടായ പൊട്ടിത്തെറിയിൽ ഖനിയിലേക്ക്​ വെള്ളം കയറിയാണ്​ തൊഴിലാളികൾ അപകടത്തിൽ പെട്ടതെന്ന്​ ദൃക്​സാക്ഷികൾ പറഞ്ഞു. ഖനിയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനായി തൊഴിലാളികളുടെ തലവനായ നിസാം അലി ഒന്നും ചെയ്​തില്ലെന്നും രക്ഷപ്പെട്ടവരെ ഓടിച്ചു വിടുകയായിരുന്നുവെന്നും ആരോപണമുണ്ട്​. ഇയാൾക്കെതിരെ കേസെടുത്തു. രണ്ട്​ ദിവസമായി പ്രദേശത്ത്​ തുടർച്ചയായി മഴ പെയ്യുന്നത്​ രക്ഷാപ്രവർത്തനം ദുഷ്​കരമാക്കുന്നുണ്ട്​.

By Divya