Fri. Apr 26th, 2024
ന്യൂഡല്‍ഹി:

കൊവിഡ് വാക്‌സീന്‍ കയറ്റുമതി നിര്‍ത്തിവെക്കാനുള്ള ഇന്ത്യയുടെ തീരുമാനം 91 രാജ്യങ്ങളിലെ വാക്‌സിനേഷന്‍ പ്രക്രിയയെ ബാധിച്ചെന്ന് ലോകാരോഗ്യ സംഘടന. വാക്‌സീനായി സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനെ ആശ്രയിക്കുന്ന രാജ്യങ്ങളാണ് പ്രതിസന്ധിയിലായത്.

അസ്ട്രാസെനകയുടെ കൊവി ഷീല്‍ഡ്, പുറത്തിറങ്ങാനിരിക്കുന്ന നൊവാക്‌സ് വാക്‌സീനുകളെ ആശ്രയിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയാണ് പ്രതിസന്ധിയിലായതെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ ഡോ സൗമ്യ സ്വാമിനാഥന്‍ എന്‍ഡിടിവിയോട് പറഞ്ഞു.

”91 രാജ്യങ്ങള്‍ വാക്‌സീന്‍ കുറവ് നേരിടുന്നു. ഇവിടങ്ങളില്‍ ബി1.617 വകഭേദങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നുയ വേഗത്തില്‍ പകരാവുന്ന വകഭേദങ്ങളുടെ ഭീഷണിയിലാണ് ഈ രാജ്യങ്ങള്‍. തിരിച്ചറിയും മുമ്പേ ഈ വകഭേദങ്ങള്‍ ലോകം മൊത്തം വ്യാപിക്കും. സെറം നല്‍കാത്ത ഡോസുകള്‍ക്ക് പകരം മാതൃകമ്പനിയായ അസ്ട്ര സെനകക്ക് നല്‍കാനാകുന്നില്ല. മിക്ക ആഫ്രിക്കന്‍ രാജ്യങ്ങളിലും വാക്‌സിനേഷന്‍ 0.5 ശതമാനം മാത്രമാണ് പൂര്‍ത്തിയായത്. ആരോഗ്യപ്രവര്‍ത്തകരില്‍ പോലും വാക്‌സിനേഷന്‍ പൂര്‍ണമായിട്ടില്ല”- ഡോ സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

അസ്ട്രസെനകയുമായി സെറം ഒപ്പുവെച്ച കരാര്‍ പ്രകാരം അവികസിത രാജ്യങ്ങള്‍ക്ക് 100 കോടി ഡോസ് വാക്‌സീന്‍ സെറം വിതരണം ചെയ്യുമെന്ന് അറിയിച്ചിരുന്നു. 2020ല്‍ മാത്രം 400 ദശലക്ഷം ഡോസ് വിതരണം ചെയ്യേണ്ടതാണ്.

രാജ്യാന്തര വാക്‌സീന്‍ സഖ്യമായ ഗവിയിലൂടെയാണ് വാക്‌സീന്‍ വിതരണം ചെയ്യുന്നത്. എന്നാല്‍ ഇന്ത്യയില്‍ വാക്‌സീന്‍ വിതരണം പ്രതിസന്ധിയിലായതോടെ കയറ്റുമതി ഇന്ത്യ നിരോധിച്ചു. ഇതോടെ വാക്‌സീനായി സെറത്തെ ആശ്രയിച്ച രാജ്യങ്ങള്‍ പ്രതിസന്ധിയിലായി.

By Divya