Tue. Nov 5th, 2024
ന്യൂദല്‍ഹി:

കൊവിഡ് 19 വാക്സിനുകളുടെ ഇരട്ട വിലനിര്‍ണ്ണയ നയത്തില്‍ കേന്ദ്രത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതി. സംസ്ഥാനങ്ങളെ അവഗണിക്കാനാവില്ലെന്നും രാജ്യത്തുടനീളം ഒരേ വിലയ്ക്ക് വാക്‌സിന്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു.

‘ഒരു സുപ്രധാന പ്രശ്‌നമുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 1 പറയുന്നത് ഇന്ത്യ, അതായത് ഭാരതം, യൂണിയന്‍ ഓഫ് സ്റ്റേറ്റ്‌സ് എന്നാണ്. ഭരണഘടന അത് പറയുമ്പോള്‍ നാം ഫെഡറല്‍ നിയമം പാലിക്കണം. അപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വാക്‌സിനുകള്‍ വാങ്ങി വിതരണം ചെയ്യണം.” ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ പ്രത്യേക ബെഞ്ച് പറഞ്ഞു.

ഇരട്ട വിലനിര്‍ണ്ണയ നയമാണ് തങ്ങള്‍ അഭിസംബോധന ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നും പരസ്പരം മത്സരിക്കാനാണ് നിങ്ങള്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നതെന്നും കോടതി കേന്ദ്രത്തോട് പറഞ്ഞു.

വാക്‌സിന്‍ നിര്‍മ്മാതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ വില ചര്‍ച്ച ചെയ്തതിനാല്‍ വാക്‌സിനുകള്‍ വാങ്ങുന്നതിനായി സംസ്ഥാനങ്ങള്‍ പരസ്പരം മത്സരിക്കുന്നുവെന്ന് പറയുന്നത് വാസ്തവത്തില്‍ തെറ്റാണെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.

കോടതികള്‍ക്ക് പരിമിതമായ ജുഡീഷ്യല്‍ അധികാരമുള്ള നയപ്രശ്‌നങ്ങളാണിതെന്ന് മേത്ത പറഞ്ഞപ്പോള്‍ തങ്ങള്‍ നയം രൂപപ്പെടുത്തുന്നില്ലെന്നാണ് കോടതി പറഞ്ഞത്.
നിങ്ങളാണ് കേന്ദ്രം, അതുകൊണ്ട് എന്താണ് ശരിയെന്ന് നിങ്ങള്‍ക്കറിയാം എന്നൊന്നും പറയാന്‍ പറ്റില്ല” കോടതി പറഞ്ഞു. ഈ വിഷയത്തില്‍ ഇടപെടാനുള്ള മേല്‍ക്കൈ തങ്ങള്‍ക്കുണ്ടെന്നും കോടതി പറഞ്ഞു.

വാക്സിന്‍ നയത്തിലെ ആശങ്കകളും പ്രശ്നങ്ങളും പരിഹരിച്ച് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി. ഇന്ത്യയിലെ ഗ്രാമങ്ങളിലെ ജനങ്ങള്‍ എങ്ങനെ വാക്സിന്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കുമെന്ന് കോടതി ചോദിച്ചു.

അടിയന്തരമായി കൊവിന്‍ പോര്‍ട്ടല്‍ നടപടികളില്‍ ഭേദഗതി വരുത്താന്‍ കോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി. ഡിജിറ്റല്‍ ഇന്ത്യയിലെ അവസ്ഥ എല്ലാവര്‍ക്കും അറിയമല്ലോ എന്ന് കോടതി പരിഹസിച്ചു.

By Divya