Thu. Apr 25th, 2024
ന്യൂഡൽഹി:

ഇന്ത്യയില്‍ കണ്ടെത്തിയ രണ്ട് കൊവിഡ് വകഭേദത്തിന് പേരുനല്‍കി ലോകാരോഗ്യ സംഘടന. ഗ്രീക്ക് ആല്‍ഫബെറ്റുകള്‍ ഉപയോഗിച്ച് കപ്പ, ഡെല്‍റ്റ എന്നാണ് ഈ വകഭേദങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പേര്. ബി 1.617.1 വകഭേദത്തെ കപ്പ എന്നും ബി 1.617.2 വകഭേദത്തിന് ഡെല്‍റ്റ എന്നുമാണ് പേര് നല്‍കിയിരിക്കുന്നത്.

2020ഒക്ടോബറിലാണ് ഈ രണ്ട് വകഭേദവും ഇന്ത്യയില്‍ കണ്ടെത്തിയത്. ബി ഡോട്ട് ഒന്ന് ഡോട്ട് അറുനൂറ്റി പതിനേഴ് വൈറസ് വകഭേദത്തെ റിപ്പോര്‍ട്ടുകളിലെവിടെയും ഇന്ത്യന്‍ വകഭേദമെന്ന് സൂചിപ്പിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വിശദമാക്കി.

44 രാജ്യങ്ങളില്‍ ഇന്ത്യന്‍ വൈറസ് വകഭേദം ഭീഷണിയയുര്‍ത്തുന്നതില്‍ ലോകാരോഗ്യ സംഘടനക്ക് ആശങ്കയെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് വിശദീകരണവുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്.  വൈറസ് വകഭേദത്തിന്‍റെ ശാസ്ത്രീയ നാമം മാത്രമേ ഉപയോഗിക്കാറുള്ളൂവെന്നും ഒരു രാജ്യത്തിന്‍റെയും പേര് സൂചിപ്പിക്കാറില്ലെന്നും ലോകാരോഗ്യസംഘടന വിശദീകരിച്ചു.

ഇന്ത്യന്‍ വകഭേദമെന്ന പ്രയോഗം ലോകാരോഗ്യ സംഘടന 32 പേജുള്ള റിപ്പോര്‍ട്ടിലെവിടെയും നടത്തിയിട്ടില്ലെന്ന് കേന്ദ്രവും വ്യക്തമാക്കിയിരുന്നു.

By Divya