ന്യൂഡൽഹി:
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കുന്ന കാര്യം കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിലിരിക്കെ വിഷയം ഇന്ന് സുപ്രീം കോടതി പരിശോധിക്കും. പരീക്ഷകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയാണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നത്.
അവധിക്കാല ബെഞ്ചിലെ ജഡ്ജിമാരായ ജസ്റ്റിസ് എഎം ഖാൻവിൽക്കർ, ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവരാണ് അഭിഭാഷക മമത ശർമ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുന്നത്. നാളെ കേന്ദ്ര സർക്കാരിന്‍റെ അന്തിമതീരുമാനം വരാനിരിക്കെ കോടതി നീരീക്ഷണം പ്രധാനമാകും.
അതേസമയം മൂന്ന് വർഷത്തെ മാർക്ക് കണക്കിലെടുത്ത് ഇന്‍റേണൽ മാർക്ക് നൽകി പരീക്ഷ ഒഴിവാക്കാനുള്ള ആലോചനയാണ് കേന്ദ്രസർക്കാരിൽ നടക്കുന്നതെന്നാണ് വ്യക്തമാകുന്നത്. 9, 10,11 ക്ലാസ്സുകളിലെ മാർക്ക് പരിഗണിച്ച ശേഷം ഇന്‍റേണൽ മാർക്ക് നൽകുന്ന കാര്യമാണ് ആലോചനയിലുള്ളത്.
ഐസിഎസ്ഇ കൗൺസിൽ കഴിഞ്ഞ ദിവസം മൂന്നു കള്ലാസുകളിലെ ശരാശരി മാർക്ക് അറിയിക്കാൻ സ്കൂളുകൾക്ക് സർക്കുലർ നല്കിയിരുന്നു. ഇതോടെയാണ് സിബിഎസ്ഇയും ഇതേ വഴിക്ക് നീങ്ങുന്നു എന്ന സൂചന പുറത്തു വന്നത്.
പരീക്ഷ നടത്തേണ്ടതുണ്ടോ എന്നതിൽ സംസ്ഥാനങ്ങളുമായി കേന്ദ്രം വിശദമായ ചർച്ച നടത്തിയിരുന്നു. സംസ്ഥാനങ്ങൾ കേന്ദ്ര നിർദ്ദേശത്തിൽ രേഖാമൂലം പ്രതികരണം നല്കിയിട്ടുണ്ട്. ചില സംസ്ഥാനങ്ങൾ പരീക്ഷ ഉപേക്ഷിക്കണം എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. ഒന്നുകിൽ ഓഗസ്റ്റിൽ പരീക്ഷ നടത്തുക അതെല്ലെങ്കിൽ പരീക്ഷയുടെ സമയദൈര്‍ഘ്യം കുറയ്ക്കുക.
മൂന്നു മണിക്കൂറിനു പകരം ഒന്നര മണിക്കൂര്‍ അവരവരുടെ സ്‌കൂളുകളില്‍ തന്നെ പരീക്ഷയെഴുതാൻ അനുവദിക്കുക. ഈ നിർദ്ദേശങ്ങൾക്കൊപ്പമാണ് മൂന്നു വർഷത്തെ ഇൻറേണൽ മാർക്ക് എന്ന സാധ്യത കൂടി അവസാന നിമിഷം പരിഗണനയിൽ ഉള്ളത്. പ്രധാനമന്ത്രിയുടെ ഓഫിസിന്‍റെ പരിഗണനയിലാണ് വിഷയം.