Sat. Apr 20th, 2024
ന്യൂഡല്‍ഹി:

കൊവിഡ് വൈറസിൻ്റെ രണ്ടാം തരംഗം കെട്ടടങ്ങുന്നുവെന്ന സൂചനകൾ നൽകി രാജ്യത്തെ കൊവിഡ് മരണങ്ങളിൽ കുറവ്. പ്രതിവാര സംഖ്യയിൽ കഴിഞ്ഞ ആഴ്ചയെക്കാൾ 5000ത്തോളം മരണങ്ങളുടെ കുറവാണ് രേഖപ്പെടുത്തിയത്. പ്രതിദിന മരണസംഖ്യ മൂവായിരത്തിന് താഴെ എത്തിയതും ആശ്വാസമായിട്ടുണ്ട്.

ആകെ 24000 മരണങ്ങളാണ് കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത്. അതിന് മുൻപുള്ള ആഴ്ചയിൽ 29,000 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കൊവിഡ് രോഗികളുടെ എണ്ണത്തിലും നേരത്തെ തന്നെ കുറവ് വന്നിരുന്നു.

ഡൽഹിയടക്കമുള്ള നഗരങ്ങളിൽ ഓക്സിജൻ സിലിണ്ടറിനായുള്ള ആവശ്യം കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ വ്യവസായങ്ങൾക്കുള്ള ഓക്സിജൻ വിലക്ക് കേന്ദ്രസർക്കാർ നീക്കുമെന്നാണ് സൂചന. കൊവിഡ് വാക്സീനിൽ വിശദമായ പഠനം നടത്താനും കേന്ദ്രസർക്കാർ ഒരുങ്ങുകയാണ്. വാക്സിൻ്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള വീണ്ടും മാറ്റാനാണ് സർക്കാരിൻ്റെ ആലോചന. ആഗസ്ത് വരെയുള്ള സ്ഥിതിഗതികൾ പരിശോധിച്ചാവും ഇക്കാര്യത്തിൽ അന്തിമതീരുമാനം.

കൊവാക്സിൻ്റെ ഇടവേള നിലവിലുള്ളത് പോലെ തുടരുമെങ്കിലും കൊവിഷീൽഡ് ഒറ്റ ഡോസ് മതിയോയെന്ന് വിശദമായ പഠനത്തിൽ പരിശോധിക്കും. ഇതിനനുസരിച്ച് വാക്സിൻ ഡോസുകളുടെ ഇടവേള കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യും.

വ്യത്യസ്ത വാക്സീൻ ഡോസുകൾ നൽകുന്ന കാര്യവും കേന്ദ്രസർക്കാർ പരിഗണിക്കുന്നുണ്ട്. കൊവിഷിൽഡ് വാക്സിൻ സ്വീകരിച്ചവരുടെ പ്രതിരോധ ശേഷി പരിശോധിച്ച ശേഷമായിരിക്കും കൊവിഷിൽഡ് സിംഗിൾ ഡോസ് മതിയാകുമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ഓഗസ്റ്റ് മാസത്തോടെ വാക്സിൻ നയത്തിൽ കാര്യമായ മാറ്റം വരാനാണ് സാധ്യത.

By Divya