Mon. Dec 23rd, 2024
തിരുവനന്തപുരം:

കൊവിഡ് പ്രതിസന്ധിക്കിടെ നാളെ സംസ്ഥാനത്ത് പുതിയ അധ്യയനവർഷം തുടങ്ങുന്നു. രാവിലെ എട്ടരക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ പ്രവേശനോത്സവത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കും. വിക്ടേഴ്സ് ചാനൽ വഴി വീണ്ടും ക്ലാസുകൾ തുടങ്ങുമ്പോൾ മൊബൈലും ടിവിയും ഇല്ലാത്ത വിദ്യാർത്ഥികൾക്ക് അവ എത്തിക്കലാണ് സർക്കാരിന് മുന്നിലെ പ്രധാന വെല്ലുവിളി.

ഓൺലൈൻ വഴി മറ്റൊരു അധ്യയനവർഷം കൂടിയാണ് ഇക്കുറി തുടങ്ങുന്നത്. ചാനൽ കണ്ടുള്ള പഠനത്തിനൊപ്പം ഇത്തവണ സ്കൂൾ തലത്തിൽ സംവാദ രൂപത്തിലുള്ള ഓൺലൈൻ ക്ലാസുകളുമുണ്ടാകുമെന്നതാണ് പ്രത്യേകത. കോട്ടൺ ഹിൽ സ്കൂളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള പ്രവേശനോത്സവം മുഖ്യമന്ത്രി രാവിലെ എട്ടരയ്ക്ക് ഉദ്ഘാടനം ചെയ്യും. 9.30 വരെ പരിപാടികൾ വിക്ടേഴ്സ് ചാനൽ വഴി ലൈവായി സംപ്രേഷണം ചെയ്യും.

മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് മഞ്ജുവാര്യർ, സുരാജ് വെഞ്ഞാറമൂട് അടക്കമുള്ളവർ ചാനലിലൂടെ ആശംസകൾ അർപ്പിക്കും. 11 മണി മുതൽ വിവിധ മേഖലയിലെ പ്രമുഖരുടെ സംവാദം ഉണ്ടാകും.

ആദ്യ ദിനം ക്ലാസ് അംഗനവാടി കുട്ടികൾക്ക് മാത്രമാണ്. രണ്ടാം തീയതി മുതൽ നാല് വരെ ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള ട്രയൽ ക്ലാസ് ആകും. ആദ്യ ആഴ്ചക്കുള്ളിൽ ഡിജിറ്റൽ സൗകര്യമില്ലാത്ത കുട്ടികൾക്ക് അവ എത്തിക്കാനാണ് ശ്രമം. ജനപ്രതിനിധികളുടേയും തദ്ദേശസ്ഥാപനങ്ങളുടേയും സന്നദ്ധസംഘടനകളുടേയും സഹായത്തോടെയാകും വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കൽ.

ഇത്തവണ എത്രപേർക്ക് സൗകര്യങ്ങളില്ല എന്നതിൻ്റെ കണക്ക് ശേഖരിക്കുന്നുണ്ട്. പ്ലസ് ടു ക്ലാസുകൾ ജൂൺ 7 ന് തുടങ്ങും. ജൂലൈ ഒന്ന് മുതൽ സ്കൂൾ തല സംവാദരീതിയിലെ ഓൺലൈൻ ക്ലാസ് തുടങ്ങും.

By Divya