കുവൈത്ത് സിറ്റി:
കുവൈത്തിൽ 19ാമത് ബാച്ച് ഫൈസർ വാക്സിൻ ഞായറാഴ്ച എത്തിച്ചു. എമിറേറ്റ്സ് വിമാനത്തിലാണ് ഒരു ലക്ഷം ഡോസ് വാക്സിൻ കൂടി എത്തിച്ചത്. എത്തിയ ഉടൻ ഷിപ്പ്മെൻറ് വാക്സിനേഷൻ കേന്ദ്രത്തിലേക്ക് മാറ്റി. ഫൈസർ ബയോൺടെക്, ഓക്സ്ഫോർഡ് ആസ്ട്രസെനക വാക്സിനുകളാണ് കുവൈത്തിൽ നൽകി വരുന്നത്.
ആസ്ട്രസെനക വാക്സിൻ മൂന്ന് ബാച്ച് ആണ് ഇറക്കുമതി ചെയ്തത്. എല്ലാ ആഴ്ചയും ഫൈസർ ഷിപ്പ്മെൻറ് ഉള്ളത് കുവൈത്തിന് വലിയ ആശ്വാസമാണ്. കുത്തിവെപ്പ് ദൗത്യം വേഗത്തിലാക്കാൻ കുവൈത്തിന് കൂടുതൽ ഡോസ് മരുന്ന് ലഭിക്കേണ്ടതുണ്ട്. കൂടുതൽ ഡോസ് നൽകാമെന്ന് ഫൈസർ കമ്പനി സമ്മതിച്ചതായാണ് റിപ്പോർട്ട്.
ജോൺസൻ ആൻഡ് ജോൺസൻ, മോഡേണ വാക്സിനുകൾ കൂടി എത്തിക്കാൻ ധാരണയായിട്ടുണ്ടെങ്കിലും ഇതുവരെ ആദ്യ ഷിപ്പ്മെൻറ് നടന്നിട്ടില്ല. ഫൈസർ വാക്സിൻ ഫലപ്രദമാണെന്നാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇതു വരെ ഗുരുതരമായ പാർശ്വഫലമോ മറ്റു ബുദ്ധിമുട്ടുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.