Thu. Apr 18th, 2024
തിരുവനന്തപുരം:

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടും കേരള നിയമസഭയുടെ പ്രമേയം ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കുന്ന പ്രമേയത്തിനു പൂർണപിന്തുണ നൽകുമെന്നു പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിട്ടുണ്ട്. ജൂൺ 7 വരെ ചോദ്യോത്തരവേള ഒഴിവാക്കിയതിനാൽ പ്രമേയാവതരണം തന്നെയാകും ആദ്യ നടപടി. ലോക്ഡൗൺ കാരണം ജീവനക്കാർ കുറവായതിനാലാണു ചോദ്യോത്തരവേള തൽക്കാലം ഒഴിവാക്കിയത്.

ലക്ഷദ്വീപിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നതാകും പ്രമേയം. അഡ്മിനിസ്ട്രേറ്ററെ മാറ്റണമെന്നും ലക്ഷദ്വീപുകാരുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും ചട്ടം 118 പ്രകാരം അവതരണാനുമതി നൽകിയിട്ടുള്ള പ്രമേയത്തിലൂടെ ആവശ്യപ്പെടും.

പ്രമേയം പാസാക്കിയ ശേഷം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച. മുൻ മന്ത്രിയും സിപിഎം വിപ്പുമായ കെകെശൈലജയാണു നന്ദിപ്രമേയം അവതരിപ്പിക്കുക. തുടർന്നു വിവിധ കക്ഷിനേതാക്കൾ സംസാരിക്കും. 3 ദിവസത്തേക്കാണു പ്രമേയത്തിന്മേലുള്ള ചർച്ച.

നാളെ മുതൽ ഉപക്ഷേപവും ശ്രദ്ധക്ഷണിക്കലും ഉണ്ടാകും. ദേവികുളം എംഎൽഎ എരാജയുടെ സത്യപ്രതിജ്ഞയിൽ പിഴവുണ്ടെന്ന പരാതി സംബന്ധിച്ച് നിയമസഭാ സെക്രട്ടേറിയറ്റ് പരിശോധിച്ചുവരികയാണ്. തമിഴിൽ നടത്തിയ സത്യപ്രതിജ്ഞയിൽ ദൈവനാമമെന്നോ സഗൗരവമെന്നോ ഉൾപ്പെടാത്തതാണു പിഴവ്.

ഇക്കാര്യത്തിൽ നിയമവകുപ്പ് അറിയിക്കുന്നതനുസരിച്ചാകും നടപടി. ഡപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് നാളെ നടക്കും. 4നു പുതുക്കിയ ബജറ്റ് അവതരിപ്പിക്കും. ബജറ്റ് പൊതു ചർച്ചയ്ക്കു ഡപ്യൂട്ടി സ്പീക്കറാണു തുടക്കം കുറിക്കേണ്ടത്.

By Divya