Thu. Mar 28th, 2024
ദുബായ്:

കൊവിഡ് രോഗമുക്​തിക്കായി കണ്ടുപിടിച്ച പുതിയ ചികിത്സക്ക്​​ യുഎഇ അനുമതി നൽകി. യു എസ്​ കേന്ദ്രീകൃതമായ ഹെൽത്ത്​കെയർ കമ്പനിയായ ജിഎസ്​കെ കണ്ടെത്തിയ സൊട്രോവിമാബിനാണ്​ യുഎഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അംഗീകാരം നൽകിയത്​.

അടിയന്തര ആവശ്യത്തിന്​ മരുന്ന്​ ഉപയോഗിക്കാൻ അംഗീകാരവും ലൈസൻസും നൽകുന്ന ആദ്യ രാജ്യമാണ്​ യുഎഇ രോഗികളിൽ പരീക്ഷിച്ച്​ വിജകരമാണെന്ന്​ ഉറപ്പുവരുത്തിയ ശേഷമാണ്​ വിതരണമെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

24 മണിക്കൂറിനുള്ളിൽ രോഗമുക്​തി നേടാൻ പുതിയ ചികിത്സ സഹായിക്കും. മരണവും ഐസിയു വാസവും ഒഴിവാക്കാൻ സഹായിക്കും. 85 ശതമാനം ഫലപ്രദമാണെന്ന്​ കണ്ടെത്തിയ മരുന്ന്​ ഉപയോഗിക്കാൻ​ പാർശ്വഫലമില്ലെന്നും അധികൃതർ വ്യക്​തമാക്കി. 12 വയസിന്​ മുകളിലുള്ളവർക്കാണ്​ ഉപയോഗിക്കാവുന്നത്​.

മോണോ​ക്ലോണൽ ആൻറി ​ബോഡിയാണ്​ സോ​ട്രോവിമാബ്​. കോവിഡി​ൻറെ വകഭേദങ്ങളെ തടഞ്ഞുനിർത്താനും ഈ മരുന്ന്​ ഉപകാരപ്പെടുമെന്ന്​ കരുതുന്നു. ഈ മരുന്ന്​ ഇന്ത്യയിൽ ഉപയോഗിക്കാൻ തുടങ്ങുമെന്ന്​ കഴിഞ്ഞദിവസം കമ്പനി അധികൃതർ അറിയിച്ചിരുന്നു. സിംഗിൾ ഡോസ്​ ആൻഡിബോഡി ചികിത്സയാണിത്​. ശ്വേതരക്താണുക്കൾ ക്ലോൺ ചെയ്ത് നിർമിക്കുന്ന മോണോക്ലോണൽ ആൻറിബോഡിയാണ്​ ഉപയോഗിക്കുന്നത്​.

By Divya