Mon. Dec 23rd, 2024
ന്യൂഡൽഹി:

രാജ്യത്ത് വിഡിയോ കോള്‍ ആപ്പുകള്‍ വിലക്കാന്‍ ഉള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പുതിയ ഐടി നിയമങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം വിഡിയോ കോള്‍ ആപ്പുകളുടെ നിയന്ത്രണം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. വിഡിയോ കോള്‍ ആപ്പുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നത് അനിയന്ത്രിതമായാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാനോ ഇതിനോട് പ്രതികരിക്കാനോ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടില്ല.

വാട്‌സാപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍, സ്‌കൈപ്പ് തുടങ്ങിയ വിഡിയോ കോൡഗ് ആപ്ലിക്കേഷനുകള്‍ രാജ്യത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് എതെങ്കിലും ഒരു നിയമം അനുസരിച്ചല്ല. ഐടി നിയമ ഭേഭഗതി നടപ്പാക്കുമ്പോള്‍ ഇത്തരം ആപ്പുകളെയും നിയന്ത്രിക്കണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ഇക്കാര്യത്തില്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ നടപടികള്‍. ലൈസന്‍സ് ഇല്ലതെ പ്രവര്‍ത്തിക്കുന്ന ആപ്പുകളെ ആദ്യ പടിയായി രാജ്യത്ത് നിരോധിക്കും. ലൈസന്‍സ് നേടാന്‍ അവസരം നല്‍കിയാകും നടപടി സ്വീകരിക്കുക എന്നാണ് വിവരം.

ലൈസന്‍സിംഗ് സംവിധാനം തയാറാക്കുന്നതിനു മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ടെലികമ്യൂണിക്കേഷന്‍ മന്ത്രലയം അഭിപ്രായം ആരാഞ്ഞു. പുതിയ ഐടി നിയമങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം തന്നെ രാജ്യത്ത് അനിയന്ത്രിതമായി പ്രവര്‍ത്തിക്കുന്ന വിഡിയോ കോള്‍ ആപ്പുകളെ വിലക്കി ഉടന്‍ കേന്ദ്രം വിജ്ഞാപനം പ്രസിദ്ധീകരിക്കും.

സ്‌കൈപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍, വാട്‌സാപ്പ് പോലുള്ള കോളിംഗ് ആപ്ലിക്കേഷനുകള്‍ക്ക് ചുരുങ്ങിയത് ലൈസന്‍സിംഗ് നടപടികള്‍ പൂര്‍ത്തികരിക്കുന്ന കാലയളവ് വരെയെങ്കിലും രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാകും ഇത് ഉണ്ടാക്കുക.

അതേസമയം മെയ് 15 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്ത ഉപയോക്താക്കളുടെ സേവനങ്ങളെ ഒരിക്കലും പരിമിതപ്പെടുത്തില്ലെന്ന് വാട്സാപ്പ് അറിയിച്ചു. രാജ്യത്ത് പുതിയ ഐടി നിയമം നടപ്പിലാക്കിയ സാഹചര്യത്തിലാണ് നേരത്തെ കൈകൊണ്ട നിലപാട് ഭേദഗതിപ്പെടുത്തി വാട്‌സാപ്പ് മലക്കംമറിഞ്ഞത്.

By Divya