മനാമ:
കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വെള്ളിയാഴ്ച മുതൽ നടപ്പാക്കിയ നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ പൊലീസ് പരിശോധന ശക്തമാക്കി. വിവിധ ഗവർണറേറ്റുകളിലെ പൊലീസ് ഡയറക്ടറേറ്റുകളുടെ നേതൃത്വത്തിലാണ് മാർക്കറ്റുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നത്.
അവശ്യ സേവനങ്ങളല്ലാത്ത വ്യാപാര, വാണിജ്യ സ്ഥാപനങ്ങൾ ജൂൺ 10 വരെ അടച്ചിടാനാണ് സർക്കാർ എക്സിക്യൂട്ടിവ് കമ്മിറ്റി തീരുമാനം. ഹൈപ്പർ മാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, കോൾഡ് സ്റ്റോറുകൾ തുടങ്ങി ഏതാനും മേഖലകൾക്ക് ഇളവുണ്ട്.
പള്ളികളിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് ആളുകൾ പ്രവേശിക്കുന്നതെന്ന് ഉറപ്പാക്കാൻ കമ്യൂണിറ്റി പൊലീസും നടപടി സ്വീകരിക്കുന്നുണ്ട്. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിയമങ്ങൾ കർശനമായി പാലിക്കുന്നുവെന്നും ഉറപ്പാക്കുന്നുണ്ട്. ബീച്ചുകളിലും പൊതുസ്ഥലങ്ങളിലും ആളുകൾ കൂടുന്നതിനെതിരെയും ശക്തമായ നടപടി സ്വീകരിച്ചുവരുന്നു.
അതിനിടെ, വെള്ളിയാഴ്ച മുതൽ അടച്ചിടണമെന്ന നിയമം ലംഘിച്ച സലൂൺ അടച്ചുപൂട്ടിയതായി വ്യവസായ, വാണിജ്യ, വിനോദസഞ്ചാര മന്ത്രാലയം അറിയിച്ചു. സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു. നിയമം ലംഘിച്ച് തുറന്നതിനാണ് നടപടി. വരുംദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് മന്ത്രാലയത്തിലെ കൺട്രോൾ ആൻഡ് റിസോഴ്സസ് അസി അണ്ടർർ സെക്രട്ടറി അബ്ദുൽ അസീസ് അൽ അഷ്റഫ് പറഞ്ഞു.