Fri. Nov 22nd, 2024
തിരുവനന്തപുരം:

ജൂണ്‍ ഒന്നിന് വെര്‍ച്വല്‍ പ്രവേശനോത്സവം നടക്കാനിരിക്കെ ഒന്നാം ക്ലാസ് മുതല്‍ ആറാം ക്ലാസ് വരെയുള്ള മുഴുവന്‍ പാഠപുസ്തകങ്ങളുടെയും വിതരണം ജില്ലയില്‍ പൂര്‍ത്തിയായി. 10,35000 പുസ്തകങ്ങള്‍ വിതരണം ചെയ്തു. പുസ്തകങ്ങളുടെ പാക്കിങ്, തരം തിരിക്കല്‍, വിതരണം എന്നിവയുടെ ചുമതല 14 സ്ത്രീകളും മൂന്നു പുരുഷൻമാരും ഉള്‍പ്പെടുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ്.

ആകെ 17 ലക്ഷം പുസ്തകങ്ങളാണ് ജില്ലയില്‍ ആവശ്യമുള്ളത്. ഇതില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലേക്കുള്ള 16,30000 പുസ്തകങ്ങള്‍ വെസ്റ്റ് കൊല്ലം മുളങ്കാടകം സ്‌കൂള്‍ ഹബ്ബില്‍ എത്തി.

ഏഴു മുതല്‍ 10 വരെ ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളുടെ വിതരണം വെള്ളിയാഴ്ചയോടെ പൂര്‍ത്തിയാകും. ജില്ലയില്‍ വെര്‍ച്വല്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി മന്ത്രിമാര്‍, എം പിമാര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവരുടെ സ്‌കൂള്‍ അനുഭവങ്ങളും ആശംസാ സന്ദേശങ്ങളും ഓണ്‍ലൈനായി കുട്ടികളിലേക്ക് എത്തിക്കും.

സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങുകള്‍ക്ക് ശേഷം സ്‌കൂള്‍തല പ്രവേശനോത്സവം നടക്കും. കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളില്‍ ക്ലാസ് അടിസ്ഥാനത്തിലും പ്രവേശനോത്സവം സംഘടിപ്പിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന്‍ പോള്‍ അറിയിച്ചു.

By Divya