Fri. May 16th, 2025
തിരുവനന്തപുരം:

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ് നേതാക്കൾ. കെപിസിസി അധ്യക്ഷ പദവി ഒഴിയാൻ സന്നദ്ധത അറിയിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ, ഹൈക്കമാൻഡ് ഉടൻ തീരുമാനം കൈകൊള്ളണമെന്ന നിലപാടിലാണ്.

സുപ്രധാന യോഗങ്ങളിൽ നിന്ന് വിട്ടുനിന്നുകൊണ്ട് മുല്ലപ്പള്ളി സമ്മർദം ശക്തമാക്കുന്നതിനാൽ വേഗത്തിൽ പുനസംഘടന പ്രതീക്ഷിക്കാം. ഈ സാഹചര്യത്തിലാണ് അധ്യക്ഷ പദവിക്കായുള്ള ചരടുവലികൾ നേതാക്കൾ ശക്തമാക്കിയത്.

വർക്കിങ് പ്രസിഡന്റുമാരായ കെസുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, കെ മുരളീധരൻ, ബെന്നി ബെഹന്നാൻ, പിടി തോമസ് തുടങ്ങി പല നേതാക്കളും ഹൈക്കമാൻഡ് പരിഗണനയിലുണ്ട്. പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ച രീതിയിൽ എതിർപ്പുള്ള രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ആരുടെയും പേരുകൾ നിർദേശിക്കില്ല എന്ന നിലപാടിലാണ്.

സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ കെ സുധാകരന് വേണ്ടി രംഗത്തുണ്ട്. സാമുദായിക സമവാക്യങ്ങളും കെ സുധാകരന് അനുകൂലമാണ്. കെ മുരളീധരൻ, വിഡി സതീശൻ തുടങ്ങിയ നേതാക്കളുമായി കഴിഞ്ഞ ദിവസം സുധാകരൻ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

യുഡിഎഫ് കൺവീനർ പദവിയിലേക്ക് കെസി ജോസഫ്, പിടി തോമസ്, കെ. മുരളീധരൻ എന്നിവരിൽ നിന്ന് ഒരാൾ വരാനും സാധ്യതയുണ്ട്.

By Divya