Mon. Dec 23rd, 2024
ഭോപ്പാല്‍:

കൊവിഡ് ‘ഇന്ത്യന്‍ വകഭേദം’ പരാമര്‍ശത്തിന്റെ പേരില്‍ ക്രൈംബ്രാഞ്ച് കേസെടുത്തതിന് പിന്നാലെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ്. ഇന്ത്യ ഒരിക്കലും മികച്ചതല്ല മറിച്ച് കുപ്രസിദ്ധമാണെന്നാണ് കമല്‍നാഥിന്റെ പ്രസ്താവന.

” ഇന്ത്യ മികച്ചതല്ലെന്ന് ഞാന്‍ പറയുന്നു, ഇന്ത്യ കുപ്രസിദ്ധമാണ്. കൊവിഡ് മഹാമാരിയുടെ കുതിച്ചുചാട്ടത്തെത്തുടര്‍ന്ന് എല്ലാ രാജ്യങ്ങളും ഇന്ത്യന്‍ ജനതയുടെ പ്രവേശനം നിരോധിച്ചു. ഞാന്‍ അടുത്തിടെ ഉജ്ജൈനില്‍ ഇത് പറഞ്ഞു, ഞാന്‍ ഇത് വീണ്ടും ആവര്‍ത്തിക്കുന്നു. ന്യൂയോര്‍ക്കില്‍ നിന്ന് അടുത്തിടെ ആരോ ഒരാള്‍ എന്നെ വിളിച്ച് പറഞ്ഞു അവിടെയുള്ള ആളുകള്‍ ഇന്ത്യക്കാര്‍ ഓടിക്കുന്ന കാബുകള്‍ വിളിക്കുന്നില്ല,” കമല്‍ നാഥ് പറഞ്ഞു.

കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം ശാസ്ത്രലോകം അംഗീകരിച്ചിട്ടും ബിജെപി അംഗീകരിച്ചില്ലെന്നായിരുന്നു കമല്‍നാഥ് നേരത്തെ നടത്തിയ പ്രസ്താവന. ബി 1.617 കൊവിഡ് വേരിയന്റിനെ ഇന്ത്യന്‍ വേരിയന്റ് എന്ന് ടാഗ് ചെയ്തുകൊണ്ടായിരുന്നു പരാമര്‍ശം.

പരാമര്‍ശത്തിനെതിരെ ബിജെപി നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. ദുരന്ത നിവാരണ നിയന്ത്രണ നിയമത്തിലെ 188ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

By Divya