Fri. Nov 22nd, 2024
ന്യൂഡൽഹി:

കൊറോണ വൈറസിന്റെ ഉദ്ഭവം കണ്ടെത്താൻ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) തുടരന്വേഷണം നടത്തണമെന്ന ആവശ്യത്തെ ഇന്ത്യയും പിന്തുണച്ചു. വൈറസ് പടർന്നതു ചൈനയിലെ ലാബിൽ നിന്നാണോ വുഹാനിലെ മത്സ്യമാർക്കറ്റിൽ നിന്നാണോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വേണമെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു.

കൊവിഡിന്റെ ഉദ്ഭവം കണ്ടെത്താനുള്ള അന്വേഷണങ്ങൾ യുഎസ് ഇന്റലിജൻസ് ഏജൻസികൾ ഊർജിതമാക്കണമെന്ന് പ്രസിഡന്റ് ജോ ബൈഡൻ നിർദേശിച്ചതിനു പിന്നാലെയാണ് ഇന്ത്യ നിലപാടറിയിച്ചത്.

‘ഇക്കാര്യത്തിൽ ലോകാരോഗ്യ സംഘടന നേരത്തേ നടത്തിയ അന്വേഷണം ആദ്യ പടിയാണ്. വ്യക്തമായ നിഗമനത്തിലേക്ക് എത്താൻ അടുത്ത ഘട്ട പഠനം ആവശ്യമാണ്’ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഈ വർഷം ആദ്യം ചൈനീസ് ശാസ്ത്രജ്ഞരുമായി ചേർന്നു ഡബ്ല്യുഎച്ച്ഒ നടത്തിയ സംയുക്ത പ്രസ്താവനയിൽ വൈറസ് ബാധിതരായ വവ്വാലുകളിൽനിന്നാവാം കൊവിഡ് മനുഷ്യരിലേക്കു പടർന്നതെന്ന നിഗമനത്തെയാണു പിന്തുണച്ചത്. ഇക്കാര്യത്തിൽ തുടരന്വേഷണം ആവശ്യമാണെന്നും സൂചിപ്പിച്ചിരുന്നു.

By Divya