ബാഴ്‌സലോണ:
യൂറോപ്യന്‍ സൂപ്പർ ലീഗ് വിഷയത്തിൽ യുവേഫയ്‌ക്കെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങി സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണ. ചാമ്പ്യൻസ് ലീഗിൽ നിന്ന് വിലക്കിയാൽ കായിക തർക്കപരിഹാര കോടതിയെ സമീപിക്കുമെന്ന് ബാഴ്‌സലോണ പ്രസിഡന്റ് യുവാൻ ലപ്പോർട പറഞ്ഞു.
യുവേഫയെ വെല്ലുവിളിച്ച് 12 വമ്പൻ ക്ലബുകളാണ് സൂപ്പർ ലീഗ് പ്രഖ്യാപിച്ചത്. ബാഴ്‌സലോണ, റയൽ മാഡ്രിഡ്, യുവന്റസ് ക്ലബുകൾ ഒഴികെ ഒൻപത് ടീമുകളും പിന്മാറി. എ സി മിലാന്‍, ഇന്‍റര്‍ മിലാന്‍, അത്‌ലറ്റിക്കോ മാഡ്രിഡ്, ആഴ്‌സണല്‍, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടനം, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി ക്ലബുകൾ ആണ് പിന്മാറിയത്.
പിന്‍മാറാത്ത മൂന്ന് ക്ലബുകൾക്കും എതിരെ യുവേഫ നടപടി തുടങ്ങുന്ന പശ്ചാത്തലത്തിൽ ആണ് നിലപാടിൽ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ബാഴ്‌സലോണ പ്രസിഡന്റ് യുവാൻ ലപ്പോർട്ട രംഗത്തെത്തിയത്.
‘ചാമ്പ്യൻസ് ലീഗിൽ നിന്ന് വിലക്കിയാൽ മാപ്പ് പറയാനോ പിഴ അടയ്‌ക്കാനോ ബാഴ്‌സലോണ തയ്യാറാവില്ല. ക്ലബ് കായിക തർക്ക പരിഹാര കോടതിയെ സമീപിക്കും. ക്ലബിന്റെ താൽപര്യത്തിന് വേണ്ടി പോരാടുമെന്നും സുസ്ഥിരമായ ഒരു ഫുട്ബാൾ മാതൃക വികസിപ്പിക്കും’ എന്നും ലപ്പോർട വ്യക്തമാക്കി.