Mon. Dec 23rd, 2024
കൊൽക്കത്ത:

പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയോട് കേന്ദ്ര സർവീസിലേക്ക് തിരികെയെത്താൻ നിർദ്ദേശിച്ചു. സംസ്ഥാനം ഭരിക്കുന്ന മമത ബാനർജി സർക്കാരും കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരും തമ്മിലുള്ള പോരിനിടെയാണ് കേന്ദ്രത്തിന്റെ നീക്കം. തിങ്കളാഴ്ച കേന്ദ്രസർവീസിൽ റിപ്പോർട്ട് ചെയ്യാനാണ് നിലവിൽ സംസ്ഥാന ചീഫ് സെക്രട്ടറിയായ ആലാപൻ ബന്ധോപാധ്യായയ്ക്ക് കിട്ടിയിരിക്കുന്ന ഉത്തരവ്.

പേഴ്സണൽ ട്രെയിനിങ് വിഭാഗത്തിലേക്കാണ് മാറ്റം. അതേസമയം മൂന്ന് മാസത്തേക്ക് ഇദ്ദേഹത്തെ ചീഫ് സെക്രട്ടറി സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതായും വിവരമുണ്ട്. ചീഫ് സെക്രട്ടറിയെ തിരിച്ചുവിളിച്ചതിനെതിരെ രൂക്ഷ വിമർശനമുയർത്തി തൃണമൂൽ കോൺഗ്രസ് രംഗത്ത് വന്നു.

മോദിയുടെ അമിത്ഷായുടെയും  ബിജെപിക്ക് ഇതിനേക്കാൾ തരംതാഴാൻ കഴിയുമോ എന്നും സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഇത്തരമൊരു നടപടി ഉണ്ടായിട്ടുണ്ടോ എന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ ചോദിച്ചു. യാസ് ചുഴലിക്കാറ്റ് സംസ്ഥാനത്ത് വിതച്ച നാശത്തിന്റെ തീവ്രത അവലോകനം ചെയ്യാനായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്ത് യോഗം വിളിച്ചിരുന്നു.

ഈ യോഗത്തിലേക്ക് അര മണിക്കൂറോളം വൈകിയാണ് സംസ്ഥാന മുഖ്യമന്ത്രി മമത ബാനർജിയും ചീഫ് സെക്രട്ടറി ആലാപൻ ബന്ധോപാദ്ധ്യായയും എത്തിയത്. പിന്നീട് സംസ്ഥാനത്തുണ്ടായ നാശങ്ങളെ സംബന്ധിച്ചുള്ള കുറിപ്പ് കൈമാറിയ ശേഷം യോഗത്തിൽ അധിക നേരം പങ്കെടുക്കാതെ ഇരുവരും ഇവിടെ നിന്ന് മടങ്ങുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ചീഫ് സെക്രട്ടറിയെ തിരികെ വിളിച്ചിരിക്കുന്നത്.

By Divya