ടെല്‍ അവീവ്:
ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ യുദ്ധക്കുറ്റമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട ഐക്യരാഷ്ട്രസഭയുടെ മനുഷ്യവകാശ കൗണ്‍സിലിനെതിരെ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു. ഇസ്രയേല്‍ വിരുദ്ധതയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് നെതന്യാഹു പറഞ്ഞു.
‘ഇന്നത്തെ ഈ നാണംകെട്ട തീരുമാനത്തിലൂടെ യു എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ കടുത്ത ഇസ്രയേല്‍ വിരുദ്ധത ഒരിക്കല്‍ കൂടി പുറത്തുവന്നിരിക്കുകയാണ്. അന്താരാഷ്ട്ര നിയമങ്ങളെ പുച്ഛിച്ചു തള്ളുന്ന ഇത്തരം നടപടികളാണ് ലോകത്തില്‍ മുഴുവന്‍ തീവ്രവാദത്തെ വളര്‍ത്തുന്നത്,’ നെതന്യാഹു പറഞ്ഞു.
അതേസമയം യു എന്‍ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെ സ്വാഗതം ചെയ്തുകൊണ്ട് പലസ്തീന്‍ രംഗത്തെത്തി. പലസ്തീനികളുടെ മനുഷ്യാവകാശത്തിനും നിയമം നടപ്പിലാക്കുന്നതിനും വേണ്ടിയുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ നിശ്ചയദാര്‍ഢ്യമാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്ന് പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് ഗാസ ആക്രമണത്തില്‍ ഇസ്രയേലിനെതിരെ കടുത്ത നിലപാടുമായി യു എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ മിഷേല്‍ ബാച്ലൈറ്റ് രംഗത്തുവന്നത്.
ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഗാസയിലും വെസ്റ്റ് ബാങ്കിലുമായി 270 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ 68 പേര്‍ കുട്ടികളാണ്. 11 ദിവസത്തെ ആക്രമണത്തിന് ശേഷമാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്.
ഇത്തരം ആക്രമണം വ്യാപകമായ നാശനഷ്ടങ്ങള്‍ക്കും മരണങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. ഇവയെ യുദ്ധക്കുറ്റമായി തന്നെ കണക്കാക്കണം,’ മിഷേല്‍ പറഞ്ഞു.