കണ്ണൂര്‍:
പരിയാരം ഗവ മെഡിക്കൽ കോളജിലെ ഡയാലിസിസ് നിലച്ചു. ആർ ഒ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിലെ ചോർച്ചയാണ് കാരണം. ഇന്നലെ രാവിലെ മുതലാണ് പരിയാരം ഗവ മെഡിക്കൽ കോളജിലെ ഡയാലിസിസ് നിലച്ചത്. വടക്കൻ മലബാറിലെ സർക്കാർ മെഡിക്കൽ കോളജ് ആയതുകൊണ്ട് തന്നെ ഡയാലിസിസിനായി ദിനംപ്രതി ശരാശരി 80 മുതൽ 100 വരെ രോഗികളാണ് ഇവിടെ എത്തുന്നത്.
ആർ ഒ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിലെ ചോർച്ചയാണ് പ്രവർത്തനം നിലയ്ക്കാൻ കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. വർഷങ്ങൾക്ക് മുൻപേ തന്നെ 25 ഓളം ഡയാലിസിൽ ട്രീറ്റ്മെന്റ് യൂണിറ്റുകൾ ഇവിടെ എത്തിച്ചിരുന്നു. എന്നാൽ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ കാലപ്പഴക്കമാണ് ചോർച്ചയ്ക്ക് കാരണമായതെന്നും, കാലപ്പഴക്കത്തെ കുറിച്ച് നേരത്തെ തന്നെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും പറയുന്നു.
കൊച്ചിയിൽ നിന്ന് വിദഗ്ധസംഘം എത്തിയാലെ ചോർച്ച തടയാനാവൂ എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഇന്ന് വൈകീട്ടോടെ ചോർച്ച അടക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.