Fri. Nov 22nd, 2024
ഒടുവിൽ ഉണ്ണികൃഷ്ണൻ

സ്വാഭാവിക നടനവും മലയാളിത്തവും ഒരുപോലെ ചേര്‍ന്നുനില്‍ക്കുന്ന അപൂര്‍വം നടൻമാരില്‍ ഒരാൾ ഒടുവില്‍ ഉണ്ണികൃഷ്‍ണൻ. മലയാളികളുടെ പ്രിയങ്കരനായ നടൻ ഓർമയായിട്ട് ഇന്ന് 15 വർഷം. മലയാള സിനിമയിൽ സീരിയസ് വേഷങ്ങളും കോമഡി വേഷങ്ങളും ഒരുപോലെ വഴങ്ങിയിരുന്ന ഒടുവിൽ അവതരിപ്പിച്ച ഓരോ കഥാപാത്രത്തിനും ഓരോ ശൈലിയുണ്ടായിരുന്നു. നേരുള്ള അഭിനയമുഹൂർത്തങ്ങൾ മലയാളികൾക്ക് നൽകിയ നടൻ.

ദേവാസുരം, യോദ്ധ, അനിയൻ ബാവ ചേട്ടൻ ബാവ, ഒരു ചെറുപുഞ്ചിരി, പ്രേംപൂജാരി, CID മൂസ, ആറാംതമ്പുരാൻ, മീശമാധവൻ, അങ്ങനെ നിരവധി സിനിമകൾ

തൃശ്ശൂർ ജില്ലയിൽ വടക്കാഞ്ചേരി എങ്കക്കാട്ട് ഒടുവിൽ വീട്ടിൽ  കൃഷ്ണമേനോന്റെയും പാറുക്കുട്ടിയമ്മയുടെയും മകനായാണ് 1943 ഫെബ്രുവരി 13-  നാണ്‌ ഒടുവിൽ ഉണ്ണികൃഷ്ണൻ ജനിച്ചത്.പ്രാഥമിക വിദ്യാഭ്യാസം സർക്കാർ ഹൈ സ്കൂളിൽ നിന്ന് പൂർത്തിയാക്കി.അദ്ദേഹത്തിന്റെ അമ്മാവൻ ഒടുവിൽ കുഞ്ഞികൃഷ്ണ  മേനോൻ ഒരു സരസ കവിയും മറ്റൊരു അമ്മാവൻ ഉണ്ണികൃഷ്ണ മേനോൻ കേരളത്തിലെ ഒരു  അറിയപ്പെടുന്ന നർത്തകനും ആയിരുന്നു. ചെറുപ്പത്തിൽ തന്നെ സംഗീതത്തോടുള്ള  അഭിനിവേശം പ്രകടമാക്കിയ ഉണ്ണികൃഷ്ണൻ സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം  തബല,മൃദംഗം തുടങ്ങിയ സംഗീത ഉപകരണങ്ങൾ വായിക്കുവാൻ പഠിക്കുകയും തുടർന്ന്  കലാമണ്ഡലം വാസുദേവ പണിക്കരുടെ കീഴിൽ സംഗീതം അഭ്യസിക്കുകയും ചെയ്തു.നിരവധി  വേദികളിൽ പാടുകയും പരശുറാം എക്‌സ്പ്രസ്സ് മുതലായ ധാരാളം സംഗീത ആൽബങ്ങൾക്കും  ഭക്തിഗാനങ്ങൾക്കും സംഗീത സംവിധാനം നിർവഹിക്കുകയും ചെയ്യുകയുണ്ടായി.
സിനിമാസംവിധായകൻ പി.എൻ. മേനോന്റെ ശുപാർശ പ്രകാരം ഒരു ഡാൻസ് ട്രൂപ്പിൽ  തബലിസ്റ്റായി ജോലിചെയ്തിരുന്നു. കെ.പി.എ.സി.യുടെയും കലാനിലയത്തിന്റെയും  കേരള കലാവേദിയുടെയും നാടകങ്ങളിൽ അഭിനയിച്ചു.

പിന്നീട് 1970-ൽ പി.എൻ.  മേനോന്റെ ദർശനം എന്ന സിനിമയിലൂടെ മലയാള സിനിമയിൽ ഹരിശ്രീ കുറിച്ചു.എ.  വിൻസന്റ് സംവിധാനം ചെയ്ത് ചെണ്ട ആയിരുന്നു രണ്ടാമത്തെ  ചലച്ചിത്രം.തുടർന്നങ്ങോട്ട്‌ ഒട്ടനവധി സിനിമകൾ. മലയാള സിനിമ കണ്ട തറവാടിയായ  അമ്മാവനായും, ആഭിജാത്യമുള്ള തറവാട്ടിലെ കാരണവരായും, എന്തിനേറെ പറയുന്നു  വീട്ടുകാർക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട കാര്യസ്ഥൻ, പ്രീയങ്കരനായ  നാട്ടിൻപുറത്തുകാരൻ, നർമ്മസ്വഭാവിയായ ചായക്കടക്കാരൻ എന്നിങ്ങനെ നീണ്ട്‌  പോകുന്ന വിവിധ വേഷങ്ങളെ ഇന്നും ഓർമ്മിപ്പിക്കാൻ പ്രേരിപ്പിക്കുന്ന  നാനൂറിലേറെ ചിത്രങ്ങൾ, കഥാപാത്രങ്ങൾ…

സത്യൻ അന്തിക്കാട്‌, ഹരിഹരൻ  സിനിമകളുടെ ഒഴിച്ചു കൂടാനാവാത്ത ഘടകമായിരുന്നും എന്നും ഒടുവിൽ, നായകനടൻ  ജയറാമിന്റെ സഹനടനായിട്ടും,സൈഡ്‌ റോളിലുമാണ് ഒടുവിൽ കൂടുതൽ  അഭിനയിച്ചത്‌.അപ്പുണ്ണിയിലെ കുറുപ്പ്‌ മാഷ്‌, വരവേൽപ്പിലെ നാരായണൻ  ഉത്സവപ്പിറ്റേന്നിലെ പരമു നായർ, പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ അപ്പുണ്ണി  നായർ, മഴവിൽക്കാവടിയിലെ കുഞ്ഞാപ്പുഎന്ന ചെത്തുകാരന്‍, തലയണമന്ത്രത്തിലെ കെ.  ജി പൊതുവാൾ എന്ന ഡാൻസ് മാസ്റ്റർ, സന്ദേശത്തിലെ അച്ചുതൻ നായർ,  ദേവാസുരത്തിലെ പെരിങ്ങോടൻ, പൊന്മുട്ടയിടുന്ന താറാവിലെ പാപ്പി എന്ന  കറവക്കാരൻ, ‘വരവേല്പ്’ എന്ന സിനിമയില്‍ ഒരു റസ്റ്റോറന്റ് നടത്തുന്ന  നാട്ടിന്‍പുറത്തുകാരനായ മോഹന്‍ലാലിന്റെ ഏട്ടന്‍,നാരായണന്‍ എന്ന കഥാപാത്രം,   ഗോളാന്തര വാർത്തയിലെ കള്ള് കച്ചവടക്കാരൻ, മാട്ടുപ്പെട്ടി മച്ചാനിലെ പുത്തൻ  പണക്കാരൻ, തലയണ മന്ത്രത്തിലെ ഡാൻസ് മാസ്റ്റർ, ഭരതത്തിലെ മൃദംഗ കലാകാരൻ  മേലേപ്പറമ്പിൽ ആൺ വീട്ടീലെ കുട്ടൻ നായർ, വധു ഡോക്ടറാണിലെ മാരാർ, അനിയൻ ബാവ  ചേട്ടൻ ബാവയിലെ ഈശ്വരപ്പിള്ളൈ, കഥാനായകനിലെ ശങ്കുണ്ണി,തിളക്കം പണിക്കർഎന്ന  കഥാപാത്രം, തൂവൽകൊട്ടാരത്തിലെ മാരാർ, വീണ്ടും ചില വീട്ടുകാര്യങ്ങളിലെ ഫാദർ  നെടുമലം, ഗ്രാമഫോണിലെ പാട്ടുസേട്ട്‌, ദേവാസുരത്തിലെ പെരിങ്ങോടൻ,  മീശമാധവനിലെ നമ്പൂതിരി, ഹരിഹരന്റെ ‘സര്‍ഗം’ എന്ന ചിത്രത്തില്‍ ഒരു  മൂളല്‍കൊണ്ടുമാത്രം ഈ നടന്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു.  ‘നിഴല്‍ക്കുത്ത്’ എന്ന സിനിമയിലെ കാളിയപ്പൻ എന്ന ആരാച്ചാര്‍ രസതന്ത്രത്തിലെ  ഗണപതി ചെട്ടിയാർവരെ, സാധാരണമായി നാട്ടിൻപുറങ്ങളിലും ഉത്സവ പറമ്പുകളിലും  ചായക്കടകളിലും ആൽത്തറകളിലും പൂരപ്പറമ്പുകളിലു മൊക്കെയുമായി നമുക്ക്  കണ്ടുപരിചയമുള്ള തനി നാടൻ കഥാപാത്രങ്ങളിലൂടെ ഒടുവിൽ ഉണ്ണികൃഷ്ണൻ പ്രേക്ഷക  മനസ്സുകളെ കീഴടക്കി.

തനതു ഹാസ്യവും, താനായിട്ട്‌ മലയാളികൾക്ക്‌  പരിചയപ്പെടുത്തിയ നർമ്മഭാവങ്ങളും, രസസംഭാഷണങ്ങളും ചേരുവയായിത്തീർന്ന  പലപ്പോഴും സിനിമയുടെ ഭാഗmaക്കാവുന്ന കഥാപാത്രമായി മാറുകയും ചെയ്ത എത്രയെത്ര  ഒടുവിൽ കഥാപാത്രങ്ങൾ.ബഹുമുഖവൈദഗ്ദ്യമുള്ള നടൻ എന്ന തലപ്പാവ്‌ മലയാളത്തിൽ  ഏറ്റവും അധികം ഇണങ്ങുന്നത്‌ ഒരുപക്ഷേ ഒടുവിലിനായിരിക്കും. പേരിൽ മാത്രമേ  അദ്ദേഹം ഒടുവിലായുള്ളൂ പ്രതിഭയിൽ അദ്ദേഹം എന്നും മുൻപിലായിരുന്നു.
നന്മയുള്ള കഥാപാത്രങ്ങളാണ് പൊതുവെ അവതരിപ്പിച്ചിരുന്നതെങ്കിലും  എം.ടിഹരിഹരന്‍ ടീമിന്റെ സുകൃതം,പരിണയം, കമലിന്റെ ഈ പുഴയും കടന്ന് തുടങ്ങിയ  ചിത്രങ്ങളില്‍ അല്‍പം ദുഷ്ടസ്വഭാവമുള്ള കഥാപാത്രങ്ങളെയാണ് അദ്ദേഹം  അവതരിപ്പിച്ചത്.


1993-ൽ പുറത്തിറങ്ങിയ ദേവാസുരം എന്ന ഐ.വി. ശശി  ചിത്രത്തിലെ, പരിവ്രാജകനായ പെരിങ്ങോടൻ എന്ന ഒടുവിലിന്റെ കഥാപാത്രം,  മുറിവേറ്റ മംഗലശ്ശേരി നീലകണ്ഠന്റെ കിടപ്പ് കാണാൻ വയ്യാതെ പടിപ്പുരയിൽ  നിന്ന് മനസ്സ് വിങ്ങിപ്പൊട്ടിപ്പാടുന്ന അഷ്ടപദി ഒരു നൊമ്പരമായി മലയാളക്കര  ഏറ്റുവാങ്ങിയിരുന്നു. ദേവാസുരത്തിലെ മികച്ച രംഗങ്ങളിൽഒന്നായിരുന്നു അത്.  അത്രയ്ക്കും കഥാപാത്രങ്ങളെ ഈ അനുഗൃഹീത നടൻ ഉൾക്കൊണ്ടഭിനയിച്ചിരുന്നു.
ആറാം തമ്പുരാൻ എന്ന ചിത്രത്തിൽ പ്രാണനെപ്പോലെ സ്‌നേഹിച്ച ഹാർമോണിയം  വിൽക്കേണ്ടിവന്ന കോവിലകത്തെ തമ്പുരാന്റെ ദയനീയാവസ്ഥ തന്റെ പ്രതിഭയുടെ  ഭാവരസങ്ങൾകൊണ്ട് അവതരിപ്പിച്ച് ഈ നടൻ മലയാളിയുടെ കണ്ണുകളെ ഈറനണിയിച്ചു.
അടൂർ ഗോപാലകൃഷ്ണന്റെ 2002-ൽ പുറത്തിറങ്ങിയ നിഴൽക്കുത്ത് എന്ന ചിത്രത്തിൽ  കാളിയപ്പൻ എന്ന ആരാച്ചാർ കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ഉണ്ണികൃഷ്ണന്‍  ആരാച്ചാരെക്കുറിച്ചുള്ള പൊതുസങ്കല്‍പത്തെ മാറ്റിമറിക്കുന്നതായിരുന്നു  നിഴല്‍ക്കുത്തിലെ കാളിയപ്പന്‍ എന്ന കഥാപാത്രം. വധശിക്ഷയെക്കാള്‍ വലിയ  ശിക്ഷയാണ് ആരാച്ചാരുടെ ജോലിയെന്ന് കാളിയപ്പനിലൂടെ സഞ്ചരിക്കുമ്പോള്‍  ആസ്വാദകന് അനുഭവപ്പെടുന്നു. ‘നിഴല്‍ക്കുത്ത്’ എന്ന സിനിമയില്‍ ഭാര്യ  കുളിപ്പിക്കുമ്പോള്‍ ആരാച്ചാരുടെ ശരീരഭാഷയിലുണ്ടാക്കുന്ന വിറയല്‍  സൂക്ഷ്മാഭിനയത്തിനു ഉദാഹരണമാണ്.ഈ കഥാപാത്രം അദ്ദേഹത്തെ. അങ്ങ്‌ ഇറ്റലിയിലെ  വെനീസ്‌ ഫിലിം ഫെസ്റ്റിവൽ വരെ എത്തിനിന്നു.2002 ലെ ഏറ്റവുംമികച്ച നടനുള്ള  സംസ്ഥാന അവാര്‍ഡിനര്‍ഹനാക്കി അടൂരിന്റെതന്നെ കഥാപുരുഷൻ എന്ന ചിത്രത്തിൽ  അഭിനയത്തിന് 1995-ലെ മികച്ച സഹനടനുള്ള പുരസ്‌കാരവും 1996-ൽ സത്യൻ  അന്തിക്കാടിന്റെ തൂവൽക്കൊട്ടാരം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച  സഹനടനുള്ള പുരസ്‌കാരവും ഈ നടന് ലഭിച്ചിട്ടുണ്ട്.


ചെറുപ്പകാലത്ത്  അഭ്യസിച്ച സംഗീതം ചില സംഗീതസംരംഭങ്ങളിലും ഒടുവിലിനെ പങ്കാളിയാക്കുവാൻ  സഹായിച്ചിരുന്നു.ബിച്ചു തിരുമല എഴുതി ഒടുവിൽ ഉണ്ണിക്കൃഷ്ണൻ സംഗീതസംവിധാനം  നിർവ്വഹിച്ച് “പരശുറാം എക്സ്പ്രെസ്” എന്ന ആൽബം 1984ൽ പുറത്തിറക്കി.രവി  ഗുപ്തൻ സംവിധാനം ചെയ്ത “സർവ്വം സഹ” എന്ന സിനിമക്കും സംഗീതം  നിർവ്വഹിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ ചിത്രം  പുറത്തെത്തിയിരുന്നില്ല.

2006-ൽ സത്യൻ അന്തിക്കാടിന്റെ രസതന്ത്രം  എന്ന ചിത്രത്തിലാണ് ഒടുവിൽ ഉണ്ണികൃഷ്ണൻ അവസാനമായി അഭിനയിച്ചത്. വൃക്ക  സംബന്ധമായ രോഗത്തെ തുടർന്ന് 2006 മേയ് 27-നായിരുന്നു മരണം. ഉണ്ണിക്കൃഷ്ണന്   നിത്യസ്മാരകം.മായി പാലക്കാട് കേരളശേരി പഞ്ചായത്തില്‍ കാളപാടി  ശിവക്ഷേത്രത്തിനു സമീപം അദ്ദേഹത്തിന്റെ വസതിയായ ‘നീലാഞ്‌ന’ത്തിന്  സമീപത്താണ് സ്മാരകം ഒരുക്കിയത്.ഒടുവിലിന്റെ അഭിനയപ്രതിഭയെ ഭാവിതലമുറയ്ക്ക്  പരിചയപ്പെടുത്തുകയും പഠനഗവേഷണത്തിനുമുള്ള സാംസ്‌കാരിക കേന്ദ്രമായി  സ്മാരകത്തെ മാറ്റി യെടുക്കുകയുമാണ് ലക്ഷ്യം.പ്രദേശ വാസികളുടെ കലാവാസന   പ്രോത്സാഹിപ്പിക്കാനും സ്മാരകം വേദിയൊരുക്കും.ഇതിന് ഒടുവില്‍ ഫൗണ്ടേഷന്‍  നേതൃത്വം നല്‍കും.വയലിന്‍, ചിത്രരചന, ശാസ്ത്രീയ സംഗീതം നൃത്തപരിശീലനം  എന്നിവയ്‌ക്കൊപ്പം ജീവകാരുണ്യപ്രവര്‍ത്തനവും ഫൗണ്ടേഷന്‍ നടത്തുന്നു.ഒടുവിൽ  ഫൗണ്ടേഷന്റെ നേതൃത്വത്തിൽ എല്ലാ വർഷവും അനുസ്മരണ സമ്മേളനം നടത്താറുണ്ട്.

https://youtu.be/fkPOC-gIZz8