Sat. Nov 23rd, 2024
ന്യൂഡൽഹി:

വിവാദ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യവ്യാപകമായി കരിദിനമാചരിച്ച് കർഷക സംഘടനകൾ. സമരസ്ഥലങ്ങളില്‍ കർഷകർ മോദി സർക്കാരിന്റെ കോലം കത്തിച്ചു. കൊവിഡ് തരംഗത്തിന്‍റെ തീവ്രത കുറയുന്നതോടെ സമരം കടുപ്പിക്കാനാണ് സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം.

നിയമങ്ങൾ പിൻവലിക്കാതെ കർഷക‍ർ ദില്ലി അതിർ‍ത്തി വിടില്ലെന്ന് കർഷകനേതാവ് രാകേഷ് ടിക്കായ്ത്ത് പറഞ്ഞു. കഴിഞ്ഞ വർഷം നവംബ‌ർ 26നാണ് ദില്ലി അതിർത്തികളില്‍ കർഷകര്‍ സമരം തുടങ്ങിയത്. പിന്നോട്ട് ചൂടിനെയും തണുപ്പിനെയും അതിജീവിച്ച 180 സമരദിവസങ്ങൾ.

അതിർത്തികളിൽ ക‌ർഷകസമരം ആറ് മാസം പിന്നിടുകയും മോദി സര്‍ക്കാര്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് കർഷകർ കരിദിനമാചരിച്ചത്. സമരത്തിന്‍റെ പ്രധാനകേന്ദ്രമായ സിംഘു, ഗാസിപ്പൂർ, തിക്രി തിര്‍ത്തികളിൽ കര്‍ഷകര്‍ കരി കൊടി കെട്ടി പ്രതിഷേധിച്ചു. ട്രാക്ടറുകള്‍ക്ക് പുറമെ കര്‍ഷകരുടെ വീടുകളിലും കരിങ്കൊടി ഉയര്‍ത്തി. സമരകേന്ദ്രങ്ങളില്‍ മോദി സർക്കാരിന്റെ കോലം കത്തിച്ചു.

കൊവിഡിന്റെ പേരിൽ സമരം അവസാനിപ്പിക്കുമെന്ന് കേന്ദ്ര സ‍ർക്കാർ കരുതേണ്ടെന്നും നിയമങ്ങൾ പിൻവലിക്കാതെ എത്രവർഷം കഴിഞ്ഞാലും തിരിച്ചുപ്പോകില്ലെന്നും കർഷകനേതാവ് രാകേഷ് ടിക്കായ്ത്ത് പറഞ്ഞു. 12 പ്രതിപക്ഷ പാര്‍ട്ടികളും വിവിധ ട്രേഡ് യൂണിയനുകളും കരിദിനാചരണത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കേരളത്തിലും പ്രതിഷേധ പരിപാടികൾ നടന്നു.

By Divya