Mon. Dec 23rd, 2024
ന്യൂ‍ഡൽഹി:

രാജ്യത്ത് വ്യാപകമായ ബി 1.617 എന്ന വൈറസ് വകഭേദത്തെ പ്രതിരോധിക്കാനാകുമെന്ന് കേന്ദ്ര സർക്കാരിനോട് വാക്സീൻ നിർമാതാക്കളായ ഫൈസർ. വാക്സീന് അടിയന്തര ഉപയോഗാനുമതി നൽകണമെന്നും ആവശ്യപ്പെട്ടു. രാജ്യത്ത് രണ്ടാം തരംഗം രൂക്ഷമാകാൻ കാരണം ഈ വൈറസ് വകഭേദമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ജൂലൈ മുതൽ ഒക്ടോബറിനുള്ളിൽ അഞ്ചു കോടി ഡോസ് വാക്സീൻ പുറത്തിറക്കാനാകുമെന്ന് പറഞ്ഞ അമേരിക്കൻ ഫാർമ ഭീമൻ 12 വയസ്സിനു മുകളിലുള്ളവരിൽ വാക്സീൻ ഫലപ്രദമാണെന്നും അറിയിച്ചു. 2 മുതൽ 8 ഡിഗ്രി സെൽഷ്യസിൽ ഒരു മാസം വരെ വാക്സീൻ സൂക്ഷിക്കാനാകുമെന്നും കമ്പനി അറിയിച്ചതായാണ് റിപ്പോർട്ട്.

നഷ്ടപരിഹാരം ഉൾപ്പെടെ കാര്യമായ ഇളവുകൾ നൽകണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ അനുമതി ലഭിച്ചിട്ടുള്ള കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് V എന്നിവയ്ക്ക് ഇത്തരം ഇളവുകൾ നൽകിയിട്ടില്ല. യുഎസും നിരവധി യൂറോപ്യൻ രാജ്യങ്ങളും ഇത്തരം ഇളവു ഫൈസറിന് നൽകിയിട്ടുണ്ട്.

പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് (പിഎച്ച്ഇ) ഇന്ത്യക്കാരിലും ബ്രിട്ടിഷ് ഇന്ത്യക്കാരിലും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ബി.1.617 എന്ന വൈറസ് വകഭേദത്തെ പ്രതിരോധിക്കാനാകുമെന്ന് വ്യക്തമായിരുന്നു. ഇതാണ് ഫൈസർ കേന്ദ്രത്തിനു നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

പഠനം നടത്തിയവരിൽ 26% പേരിലും വാക്സീൻ മികച്ച ഫലം നൽകുന്നതായാണ് കണ്ടെത്തിയത്. ഇന്ത്യയിൽ വ്യാപകമായി റിപ്പോർട്ട് ചെയ്ത B.1.617.2 എന്ന വകഭേദത്തിനെതിരെ 87.9% ഫലപ്രാപ്തിയാണ് ഫൈസർ കാണിക്കുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്.

By Divya