Fri. Nov 22nd, 2024
മുംബൈ:

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കും തയ്യാറെടുക്കുന്ന ഇന്ത്യന്‍ യുവതാരം റിഷഭ് പന്തിന് ഉപദേശവുമായി മുന്‍താരം കപില്‍ ദേവ്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ വലിയ വെല്ലുവിളിയാണെന്നും എല്ലാ പന്തും അടിച്ചകറ്റാന്‍ ശ്രമിക്കരുത് എന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.

‘വളരെ പക്വതയുള്ള ഒരു താരമായാണ് റിഷഭ് പന്തിനെ ഇപ്പോള്‍ കാണുന്നത്. ഷോട്ടുകള്‍ കളിക്കാന്‍ ഏറെ സമയമുണ്ട്. പന്തിന്‍റെ കയ്യിലുള്ള ഷോട്ടുകളുടെ ശ്രേണി ഗംഭീരമാണ്. എന്നാല്‍ ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ വെല്ലുവിളിയാണ്.

മധ്യനിരയില്‍ അദേഹം കൂടുതല്‍ സമയം പിടിച്ചുനില്‍ക്കണം. എല്ലാ പന്തുകളും അടിച്ചകറ്റാന്‍ ശ്രമിക്കരുത്. ഇതേകാര്യം രോഹിത് ശര്‍മ്മയെ കുറിച്ചും നമ്മള്‍ പറയാറുണ്ട്. രോഹിത്തിന്‍റെ കയ്യില്‍ ഏറെ ഷോട്ടുകളുണ്ട്. എന്നാല്‍ ക്രീസ് വിട്ടിറങ്ങി ഏറെ തവണ പുറത്തായിരിക്കുന്നു.

റിഷഭ് പന്ത് ടീമിലെ മൂല്യമേറിയ, ആവേശമുണര്‍ത്തുന്ന താരമാണ്. ഷോട്ടുകളുടെ കെട്ടഴിക്കും മുമ്പ് വേണ്ട സമയമെടുക്കൂക എന്നാണ് അദേഹത്തോട് പറയാനുള്ളത്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ് എന്നതാണ് കാരണം’ എന്നും ഇതിഹാസ ഓള്‍റൗണ്ടര്‍ കൂട്ടിച്ചേര്‍ത്തു.

By Divya