Mon. Dec 23rd, 2024
പാലക്കാട്:

കൊടകര കുഴൽപ്പണക്കേസിലെ ആറാം പ്രതി മാർട്ടിന്റെ വീട്ടിൽ നിന്നും ഒൻപത് ലക്ഷം രൂപ കണ്ടെടുത്തു. വെള്ളങ്ങല്ലൂർ വീട്ടിലെ മെറ്റലിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. മാർട്ടിൻ കവർച്ചയ്ക്ക് ശേഷം കാറും സ്വർണവും വാങ്ങിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

കവർച്ചനടന്ന ശേഷം മൂന്ന് ലക്ഷം രൂപയുടെ ഇന്നോവ കാറും മുന്നര ലക്ഷം രൂപയുടെ സ്വർണവും വാങ്ങിയതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇതിനൊപ്പം നാല് ലക്ഷം രൂപ ബാങ്കിൽ അടച്ചതായും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് മൂന്നര കോടിയോളം രൂപയും കാറും കൊടകരയിൽ ഗുണ്ടാ സംഘം കവർച്ച ചെയ്തത്. എന്നാൽ 25 ലക്ഷം നഷ്ടപ്പെട്ടുവെന്നാണ് കോഴിക്കോട്ടെ വ്യവസായിയും ആർഎസ്എസ് പ്രവർത്തകനുമായ ധർമരാജൻ ഡ്രൈവർ ഷംജീർ വഴി പൊലീസിന് പരാതി നൽകിയത്.

നഷ്ടപ്പെട്ട മൂന്നരക്കോടിയിൽ ഒരു കോടി മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. ബാക്കി തുക കണ്ടെത്താനും പണത്തിന്റെ ഉറവിടത്തെപ്പറ്റി വ്യക്തത വരുത്താനും കൂടുതൽ ചോദ്യം ചെയ്യലുകൾ നടക്കുകയാണ്.

അന്വേഷണം ബിജെപി നേതാക്കളിലേക്കും എത്തി നിൽക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ആലപ്പുഴ പൊലീസ് ട്രെയിനിങ് സെന്ററിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.

അറസ്റ്റിലായ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലും ഫോൺ രേഖകളുടെ അടിസ്ഥാനത്തിലും പണത്തിന്റെ ഉറവിടം കണ്ടെത്താനാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.

By Divya