ദോഹ:
കേരളത്തിൽ ,കൊവിഡ് വാക്സിനേഷന്റെ കാര്യത്തിൽ പ്രവാസികൾക്ക് മുൻഗണന നൽകി സർക്കാർ ഉത്തരവിറക്കിയത് ഏറെ ആശ്വാസകരം. എന്നാൽ, ഒന്നാം ഡോസിനും രണ്ടാം ഡോസിനും ഇടയിലുള്ള കാലദൈർഘ്യം പ്രവാസികളുടെ കാര്യത്തിൽ കുറച്ചുനൽകിയില്ലെങ്കിൽ പുതിയ ഉത്തരവിന്റെ പ്രയോജനം കിട്ടാത്ത സ്ഥിതി വരും. സംസ്ഥാനത്ത് 18 മുതൽ 45 വയസ്സുവരെയുള്ള കുത്തിവെപ്പ് മുൻഗണനാപട്ടികയിലാണ് പ്രവാസികളെയും ഉൾെപ്പടുത്തിയിരിക്കുന്നത്.
ഇതിനായി പ്രവാസികൾ www.cowin.gov.in എന്ന ലിങ്കിൽ ആദ്യം വ്യക്തിഗത വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. തുടർന്ന് പ്രവാസി മുൻഗണന ലഭിക്കാനായി https://covid19.kerala.gov.in/vaccine/ എന്ന ലിങ്കിലും രജിസ്റ്റർ ചെയ്യണം.
നിലവിൽ കേരളത്തിൽ കോവിഷീൽഡ് വാക്സിന്റെ ആദ്യഡോസ് സ്വീകരിച്ച് കഴിഞ്ഞ് 84 ദിവസം കഴിഞ്ഞാലാണ് രണ്ടാം ഡോസ് നൽകുന്നത്. വാക്സിൻ ലഭ്യത അടക്കം പരിഗണിച്ചാണ് ഇത്രയധികം കാലയളവ്.
നേരത്തേ ഇത് 28 ദിവസമായിരുന്നു. പിന്നീട് ആദ്യ ഡോസ് കഴിഞ്ഞ് 42 ദിവസം കഴിഞ്ഞും 56 ദിവസത്തിനുള്ളിലും രണ്ടാം ഡോസ് എടുത്താൽ മതിയെന്നായി.
എന്നാൽ, ഇപ്പോൾ 84 ദിവസമാക്കി. മിക്ക പ്രവാസികളും ചെറിയ അവധിക്കാണ് നാട്ടിലെത്തുന്നത്. കൊവിഡ് കാരണം ദീർഘകാലമായി നാട്ടിൽ കുടുങ്ങുകയും ആദ്യഡോസ് എടുക്കുകയും ചെയ്തവർക്കാണ് 84 ദിവസം എന്ന കാലയളവ് കൂടുതൽ പ്രയാസം സൃഷ്ടിക്കുക.