തിരുവനന്തപുരം:
നാല് വര്‍ഷം മുന്‍പാണ് സിബിഐ സിരീസില്‍ അഞ്ചാമതൊരു ചിത്രത്തിന്‍റെ ആലോചനയെക്കുറിച്ച് സംവിധായകന്‍ കെ മധു ആദ്യമായി സൂചന തരുന്നത്. പിന്നീട് പലപ്പോഴായി അദ്ദേഹവും ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ എസ് എന്‍ സ്വാമിയും ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രീകരണഘട്ടത്തോട് അടുത്തിരിക്കുകയാണ് പുതിയ ചിത്രമെന്നാണ് അറിയുന്നത്.
കൊവിഡ് സാഹചര്യം അനുകൂലമെങ്കില്‍ മലയാളമാസം ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് അറിയുന്നു. എറണാകുളത്തായിരിക്കും ആദ്യ ഷെഡ്യൂള്‍. മമ്മൂട്ടിയുടെ സേതുരാമയ്യര്‍ക്കും മുകേഷിന്‍റെ ചാക്കോയ്ക്കുമൊപ്പം പുതിയ കഥാപാത്രങ്ങളും ചിത്രത്തില്‍ ഉണ്ടാവും. രണ്‍ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, ആശ ശരത്ത്, സായ് കുമാര്‍ തുടങ്ങിയവര്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കും.
സിരീസിലെ ആദ്യചിത്രം ഒരു സിബിഐ ഡയറിക്കുറിപ്പ് 1988ലാണ് ഇറങ്ങിയത്. പിന്നീട് 1989ല്‍ ജാഗ്രത, 2004ല്‍ സേതുരാമയ്യര്‍ സിബിഐ, 2005ല്‍ നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി. മമ്മൂട്ടിയുടെ ജനപ്രിയ കഥാപാത്രങ്ങളില്‍ ഒന്നാണ് സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥന്‍. കഥാപാത്രത്തിന്‍റെ മാനറിസങ്ങളും സിനിമാപ്രേമികളുടെയിടയില്‍ ട്രെന്‍ഡ് ആയിരുന്നു.