ബമാക:
മാലിയിൽ പ്രസിഡൻറ്, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പട്ടാളം അധികാരം പിടിച്ചതായി പ്രഖ്യാപിച്ചു. അടുത്ത വർഷം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേണൽ അസീമി ഗോയ്റ്റയാണ് ഒരു വർഷത്തിനിടെ രണ്ടാം തവണയും രാജ്യത്ത് പട്ടാള അട്ടിമറിയിലൂടെ അധികാരമേറുന്നത്.
പ്രസിഡൻറ് ബാഹ് എൻഡാവ്, പ്രധാനമന്ത്രി മുക്താർ ഔൻ എന്നിവരെ ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്ത് പട്ടാള ക്യാമ്പിലേക്ക് മാറ്റിയത്. തലസ്ഥാന നഗരമായ ബമാകയിൽനിന്ന് 15 കിലോമീറ്റർ അകലെ കാറ്റിയിലെ സൈനിക ആസ്ഥാനത്ത് കസ്റ്റഡിയിൽ കഴിയുന്ന ഇവരെ കുറിച്ച് സൂചനകളില്ല.
അറസ്റ്റിന് ഒരു ദിവസം കഴിഞ്ഞാണ് അധികാരം പിടിക്കുകയാണെന്നും ഒരു വർഷം കഴിഞ്ഞ് 2022ൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തുമെന്നും അസീമി പ്രഖ്യാപിച്ചത്. ജനാധിപത്യപരമായി നടന്ന തിരഞ്ഞെടുപ്പിൽ ജയിച്ച മുൻ പ്രസിഡൻറിനെ കഴിഞ്ഞ ആഗസ്റ്റിൽ പുറത്താക്കി അധികാരം പിടിച്ച അസീമിയുടെ പുതിയ പ്രഖ്യാപനം വിശ്വസിക്കാനാവില്ലെന്ന് വിദഗ്ദ്ധർ സൂചിപ്പിക്കുന്നു.