കുവൈത്ത് സിറ്റി:
കുവൈത്ത് പാർലമെൻറിന്റെ അഞ്ചാം മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ മുൻ എം പി ഡോ ഉബൈദ് അൽ വസ്മിക്ക് (50) ഉജ്ജ്വല വിജയം. 43,810 വോട്ട് നേടിയാണ് അദ്ദേഹം റെക്കോഡ് വിജയം കരസ്ഥമാക്കിയത്. പ്രചാരണ ഘട്ടത്തിൽതന്നെ അദ്ദേഹത്തിന്റെ വിജയം പ്രവചിക്കപ്പെട്ടിരുന്നു. കുവൈത്ത് സർവകലാശാല അധ്യാപകനും പ്രൊസീജ്വറൽ ലോയിൽ ഗവേഷണ ബിരുദം സ്വന്തമാക്കിയയാളുമാണ് ഡോ ഉബൈദ് മുഹമ്മദ് അൽ മുതൈരി എന്ന ഉബൈദ് വസ്മി.
അഞ്ചാം മണ്ഡലത്തിൽനിന്ന് ജയിച്ച ബദർ സയിദ് അൽ ആസ്മിയെ (ഡോ. ബദർ അൽ ദഹൂം) ഭരണഘടന കോടതി അയോഗ്യനാക്കിയതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ഡോ ബദർ അൽ ദഹൂമിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള യോഗ്യതയുണ്ടായിരുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഭരണഘടന കോടതി നടപടി സ്വീകരിച്ചത്. പ്രതിപക്ഷ എം പിമാർ ഇതിൽ പ്രതിഷേധം ഉയർത്തിയെങ്കിലും അംഗീകരിക്കപ്പെട്ടില്ല. രാജ്യത്തിന്റെ ചരിത്രത്തിലെ 14ാമത് ഉപതിരഞ്ഞെടുപ്പാണിത്.
രണ്ട് വനിതകൾ ഉൾപ്പെടെ 35 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. കൊവിഡ് പശ്ചാത്തലത്തിൽ കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടന്നത്. കൊവിഡ് രോഗികൾക്ക് പ്രത്യേക ബൂത്ത് സജ്ജീകരിച്ചിരുന്നു. സാമൂഹിക അകലം പാലിച്ചായിരുന്നു ക്രമീകരണം.