Mon. Dec 23rd, 2024
കൊച്ചി:

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് സ്വാഗതാര്‍ഹമെന്ന് ഓര്‍ത്തഡോക്‌സ് സഭ. ന്യൂനപക്ഷങ്ങള്‍ക്ക് അവകാശപ്പെട്ട പദ്ധതികളും ആനുകൂല്യങ്ങളും ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രമായി ഒതുങ്ങുന്നുവെന്നും ഓര്‍ത്തഡോക്‌സ് വൈദിക ട്രസ്റ്റി ഫാ എം ഒ ജോണ്‍ പറഞ്ഞു.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഒരു മതത്തന്റെയോ സംഘടനയുടേയോ കുത്തകയല്ല. വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നതോടെ ഇത്തരം പരാതിക്ക് പരിഹാരമുണ്ടാകണമെന്നും ഫാ എം ഒ ജോണ്‍ ആവശ്യപ്പെട്ടു.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നതിലല്ല കാര്യം. അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളതിലാണെന്നും സഭ പറഞ്ഞു. പള്ളിത്തര്‍ക്കത്തില്‍ കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും ആര്‍ജവം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ തിരഞ്ഞെടുപ്പില്‍ താനൂരില്‍ നിന്ന് വിജയിച്ച സിപിഐഎം സ്വതന്ത്രന്‍ വി അബ്ദുറഹ്‌മാന് ന്യൂനപക്ഷക്ഷേമ വകുപ്പ് നല്‍കുമെന്നായിരുന്നു കരുതിയിരുന്നത്. മെയ് 20 ന് പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസമിറങ്ങിയ സിപിഐഎം മുഖപത്രമായ ദേശാഭിമാനിയിലും വി അബ്ദുറഹ്‌മാന് ന്യൂനപക്ഷ-പ്രവാസിക്ഷേമ വകുപ്പുകള്‍ നല്‍കാന്‍ ധാരണയായെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ അപ്രതീക്ഷിതമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്തത്. തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നാണ് കെസിബിസിയുടെ പ്രതികരണം. മറ്റ് സഭകളും പരോക്ഷമായി തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

By Divya