Thu. Dec 19th, 2024
മലപ്പുറം:

ന്യൂനപക്ഷ ക്ഷേമ വകുപ്പ് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി സമസ്ത. വകുപ്പുകള്‍ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണെന്നും സമസ്തയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു.

ഏതെങ്കിലും സമ്മര്‍ദ ശക്തികള്‍ക്ക് വഴങ്ങിയാണ് ന്യൂനപക്ഷ വകുപ്പ് ആദ്യം നല്‍കിയവരില്‍ നിന്ന് എടുത്തു മാറ്റിയത് എന്ന പ്രചാരണമാണ് വിവാദത്തിന് വഴിയൊരുക്കിയത്. സാമുദായിക ധ്രുവീകരണം ഉണ്ടാക്കുന്ന നിലപാടുകള്‍ ഒരിക്കലും സമൂഹത്തിന് ഗുണം ചെയ്യില്ല.

വകുപ്പ് മറ്റാരെക്കാളും ഇച്ഛാശക്തിയോടെ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രിക്ക് കഴിയുമെന്നും അതിന് അദ്ദേഹം അര്‍ഹനാണെന്നുമാണ് സമസ്തയുടെ അഭിപ്രായം. ഇത്തരം രാഷ്ട്രീയ വിവാദങ്ങളിലേക്ക് സമസ്തയെ വലിച്ചിഴക്കേണ്ടതില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളില്‍ സമസ്തയ്ക്ക് ബന്ധമില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

വകുപ്പ് ആര് കൈകാര്യം ചെയ്താലും എല്ലാ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അതിന് വിരുദ്ധമായത് ഉണ്ടായാല്‍ അപ്പോള്‍ സമസ്ത പ്രതികരിക്കും. സമുദായങ്ങളെ തമ്മില്‍ അകറ്റാന്‍ കാരണമാകുന്ന സാഹചര്യങ്ങള്‍ ഉണ്ടാകരുത്.

മുസ്‌ലിം സമുദായം അന്യായമായി പലതും കരസ്ഥമാക്കി എന്ന തെറ്റിദ്ധാരണാജനകമായ വിഷയത്തില്‍ സര്‍ക്കാര്‍ വസ്തുത വിശദീകരിക്കല്‍ ഉചിതമായിരിക്കുമെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു.

By Divya