ന്യൂഡൽഹി:
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ തീയതി ജൂൺ 1 ന് പ്രഖ്യാപിച്ചേക്കും. പരീക്ഷയുമായി മുന്നോട്ടുപോകാമെന്ന അഭിപ്രായം കൂടുതൽ സംസ്ഥാനങ്ങൾ മുന്നോട്ടുവെച്ചു. അതേസമയം പരീക്ഷ നടത്തേണ്ടെന്നും ഉപേക്ഷിക്കണമെന്നും ഡൽഹിയും മഹാരാഷ്ട്രയും ആവശ്യപ്പെട്ടു. വിഷയത്തിൽ അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടു.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും, JEE/NEET പോലുള്ള പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള മത്സര പരീക്ഷകളും നടത്തുന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിനായി സംസ്ഥാനങ്ങളുടെ നിലപാട് കേൾക്കാനുള്ള രണ്ടാമത്തെ യോഗമാണ് ഇന്ന് ചേർന്നത്.
സെപ്തംബറിലോ അതിന് ശേഷമോ പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കണമെന്നാണ് സംസ്ഥാനങ്ങളുടെ പൊതുവികാരം. രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിലാണ് നിർദേശം. എന്നാൽ പരീക്ഷ വേണ്ടെന്നും ഇൻറേണൽ മാർക്കിൻറെ അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തിയാൽ മതിയെന്നും ഡൽഹിയും മഹാരാഷ്ട്രയും അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികൾക്ക് വാക്‌സിൻ എത്രയും വേഗം നൽകണമെന്നും സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു.
രണ്ട് നിർദേശങ്ങളാണ് യോഗത്തിൽ കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ചത്. ഒന്ന് പ്രധാന വിഷയങ്ങളുടെ മാത്രം പരീക്ഷ നടത്തുക അല്ലെങ്കിൽ എല്ലാ പരീക്ഷകളും സമയം ചുരുക്കി നടത്തുക. നിലവിൽ മൂന്നു മണിക്കൂറാണ് സിബിഎസ്ഇ പരീക്ഷകളുടെ ദൈർഘ്യം. ഇത് ഒന്നര മണിക്കൂറായി ചുരുക്കി നടത്താനാണ് നിർദേശം.
കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി രാജ്നാഥ് സിംഗിൻറെ അധ്യക്ഷതയിൽ കേന്ദ്രവിദ്യാഭ്യാസ വകുപ്പുമന്ത്രി രമേഷ് പൊഖ്റിയാൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളി ലേയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരുമായി വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ചർച്ച നടത്തിയത്.