തിരുവനന്തപുരം:
മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എൽഡിഎഫ് മന്ത്രിസഭയിൽ രണ്ടാമനില്ലെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ. മുഖ്യമന്ത്രി കഴിഞ്ഞാൽ മറ്റെല്ലാവരും തുല്യരാണ്. പ്രതിപക്ഷ നേതാവിനെ മാറ്റിയത് കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാം എൽഡിഎഫ് സർക്കാറിൽ ഇ പി ജയരാജനായിരുന്നു രണ്ടാമൻ. വ്യവസായ വകുപ്പാണ് ജയരാജൻ കൈാര്യം ചെയ്തിരുന്നത്. എന്നാൽ, രണ്ടാം എൽഡിഎഫ് സർക്കാറിൽ താരതമ്യേന ജൂനിയറായ പി രാജീവിനാണ് വ്യവസായ വകുപ്പിന്‍റെ ചുമതലയുള്ളത്.
ഈയൊരു സാഹചര്യത്തിൽ വകുപ്പിന്‍റെ അടിസ്ഥാനത്തിൽ മന്ത്രിസഭയിലെ രണ്ടാമെന കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പാർട്ടി കേന്ദ്രകമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ എംവി ഗോവിന്ദനാണ് മന്ത്രിസഭയിലെ രണ്ടാമനെന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് ഇക്കാര്യത്തിൽ എം വി ഗോവിന്ദന്‍റെ വിശദീകരണം പുറത്ത് വന്നിരിക്കുന്നത്.