Tue. Nov 5th, 2024
ബാഴ്സലോണ:

സീസണിലെ അവസന മത്സരം സൂപ്പര്‍ താരം ലയണല്‍ മെസി കളിക്കില്ലെന്ന് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ. ശനിയാഴ്ച ഐബറിനെതിരെയാണ് ബാഴ്സയുടെ സീസണിലെ അവസാന മത്സരം. ഇതോടെ മെസി ഇനി ബാഴ്‌സ കുപ്പായത്തില്‍ കളിക്കുമോ എന്ന ചര്‍ച്ച ഫുട്‌ബോള്‍ ലോകത്ത് വീണ്ടും സജീവമായി.

വെള്ളിയാഴ്ച ടീമിനൊപ്പം മെസി പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല. മെസിക്ക് അവധി അനുവദിച്ചതായാണ് ക്ലബ്ബ് വ്യക്തമാക്കിയത്. നേരത്തെ ലാലിഗയില്‍ ബാഴ്‌സയുടെ കിരീട മോഹങ്ങള്‍ അവസാനിച്ചിരുന്നു. അതുകൊണ്ട് തന്നെ ഐബറിനെതിരായ മത്സരം അപ്രധാനമാണ്.

ഈ സീസണോടെ മെസിയും ബാഴ്സയുമായുള്ള കരാര്‍ അവസാനിക്കും. ഇതുവരെ കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങളൊന്നും ഇരുഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ മെസിയെ ഇനി ബാഴ്സ കുപ്പായത്തില്‍ കാണാന്‍ സാധിക്കുമോ എന്ന സംശയത്തിലാണ് ആരാധകര്‍.

സീസണിന്റെ തുടക്കത്തില്‍ മെസി ക്ലബ്ബ് വിടാന്‍ താല്‍പ്പര്യപ്പെട്ടിരുന്നു. മഞ്ചാസ്റ്റര്‍ സിറ്റിയിലേക്ക് മാറുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ബാഴ്‌സലോണ മാനേജമെന്റ് മെസിയെ വിട്ടുകൊടുക്കാനാവില്ലെന്ന ഉറച്ച നിലപാടെടുത്തതോടെയാണ് താരം ക്ലബ്ബില്‍ തുടര്‍ന്നത്.

ലാലിഗയില്‍ ഇത്തവണ 30 ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം ഇതിനകം മെസി നേടുമെന്ന് ഉറപ്പിച്ചിട്ടുണ്ട്. പോയന്റ് പട്ടികയില്‍ അത്‌ലറ്റികോ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ബാഴ്‌സക്ക് മൂന്നിലേക്ക് പോകേണ്ടിവന്നു.

ജൂണില്‍ കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ആരംഭിക്കും മുമ്പ് പ്രത്യേക അനുമതി വാങ്ങി താരം അര്‍ജന്റീനയിലേക്ക് തിരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

By Divya