Mon. Dec 23rd, 2024
കോട്ടയം:

സമൂഹ മാധ്യമങ്ങളിൽ തനിക്കെതിരെയുണ്ടായ കോൺഗ്രസ്​ പ്രവർത്തകരുടെ വിമർശന പ്രവാഹത്തിന്​ മറുപടിയുമായി ഉമ്മൻ ചാണ്ടി. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടി രമേശ് ചെന്നിത്തലയെ പിന്തുണയ്​ക്കുന്നതാണ്​ വിമർശനത്തിനിടയാക്കിയത്​. രാജീവ് ​ഗാന്ധിയുടെ ഓർമ്മദിനത്തിൽ ഉമ്മൻ ചാണ്ടി ഫേസ്ബുക്കിലിട്ട പോസ്റ്റിന് കീഴിലായിരുന്നു കോൺഗ്രസ്​ പ്രവർത്തകർ കമൻറുകളുമായി എത്തിയത്​.

എഐസിസി നിരീക്ഷകർക്ക് മുന്നിൽ എ​ന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനുശേഷം പ്രതിപക്ഷ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ആരുമായും ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും ഉമ്മൻ ചാണ്ടി ഫേസ്​ബുക്കിലിട്ട മറുപടി പോസ്റ്റിൽ പറഞ്ഞു. മറിച്ചുള്ള മാധ്യമ വാർത്തകൾ അസത്യമാണ്.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കുറിച്ച് വന്നിട്ടുള്ള അഭ്യുഹങ്ങൾ സത്യവിരുദ്ധമാണ്. അതുസംബന്ധിച്ച ചർച്ച ഒരു വേദിയിലും ഉണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ച അശോക് ചവാൻ കമ്മിറ്റി കേരളത്തിലേക്ക് എത്താനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം കുറിച്ചു. ബോധപൂർവം സൃഷ്ടിക്കപ്പെട്ട വ്യാജവാർത്തകളിൽ സഹപ്രവർത്തകർ വീണു പോകരുതെന്നും ഉമ്മൻ ചാണ്ടി ഫേസ്​ബുക്ക്​ പോസ്റ്റിൽ അഭ്യർഥിച്ചു.

By Divya