Thu. Jan 23rd, 2025
തിരുവനന്തപുരം:

രണ്ടാം എൽഡിഎഫ് സർക്കാരിൽ പ്രോ ടേം സ്പീക്കറായി കുന്ദമംഗലം എംഎൽഎ പിടിഎ റഹീമിനെ നിയമിക്കാൻ ഇന്നലെ ചേർന്ന ആദ്യ മന്ത്രിസഭായോ​ഗം ശുപാർശ ചെയ്തു. അഡ്വ കെ ഗോപാലകൃഷ്ണ കുറുപ്പ് അഡ്വ ജനറൽ ആകും. കെ രാമചന്ദ്രൻ ആയിരിക്കും പ്ലാനിങ് ബോർഡ് ഉപാധ്യക്ഷൻ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

1976 ൽ അഭിഭാഷകൻ ആയി എൻറോൾ ചെയ്ത കെ ഗോപാലകൃഷ്ണ കുറുപ്പ് 1999-2001 കാലയളവിൽ സ്റ്റേറ്റ്  പ്രോസിക്യൂട്ടർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി, തിരുവനന്തപുരം നഗരസഭ, കൊച്ചി ദേവസ്വം ബോർഡ് എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളുടെ ഹൈക്കോടത സ്റ്റാൻഡിങ് കൗൺസെൽ ആയിരുന്നു. 2010 ൽ കേരള ഹൈക്കോടതി സീനിയർ പദവി നൽകി.

അഡ്വ ടിഎ ഷാജിയെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആയി നിയമിച്ചു.   അദ്ദേഹം നിലവിൽ കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ ആണ്. മാല്യങ്കര എസ്എൻഎം കോളജിലും എറണാകുളം ലോ കോളജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1986 മുതൽ ഹൈക്കോടതിയിലും മറ്റ് കോടതികളിലുമായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്.

2012ൽ സീനിയർ അഭിഭാഷകൻ എന്ന പദവി ലഭിച്ചു. ഹൈക്കോടതിയിലും വിവിധ വിചാരണ കോടതികളിലുമായി ക്രിമിനൽ കേസുകൾ നടത്തിയുള്ള സുദീർഘമായ പരിചയം ഉള്ള അദ്ദേഹം, കേരള ബാങ്ക് , റീജണൽ ക്യാൻസർ സെൻ്റർ എന്നിവയുടെ ഹൈ കോടതിയിലെ സ്റ്റാൻഡിങ് കോൺസൽ ആയും പ്രവർത്തിച്ചു വരുന്നു.  

കേരള ഹൈക്കോടതിക്ക് കീഴിലുള്ള ട്രെയിനിംഗ് ഡയറക്ടറേറ്റിൻ്റെ ഫാക്കൽറ്റി അംഗം എന്ന നിലക്ക് ക്രിമിനൽ നിയമത്തിൽ അനേകം പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. നിലവിൽ ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന കൗൺസിൽ അംഗമാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി കെ കെ രാഗേഷിനെ നിയമിച്ചു. മുൻ രാജ്യസഭാംഗവും സിപിഐഎം സംസ്ഥാന സമിതി അംഗവും കർഷക സംഘം നേതാവുമാണ് രാഗേഷ്. ദേശീയ തലത്തിൽ നടന്ന കർഷക സമരത്തിൽ സജ്ജീവ സാന്നിധ്യമായിരുന്നു. പൊളിറ്റിക്കൽ സെക്രട്ടറിയായി പുത്തലത്ത് ദിനേശനും പ്രസ് സെക്രട്ടറിയായി പിഎം മനോജും തുടരും.

ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി മുൻ ഐ ആർ എസ് ഉദ്യോഗസ്ഥൻ ആർ മോഹനെ നിയമിച്ചു.

By Divya