ബാരൻക്വില (കൊളംബിയ):
രാജ്യത്ത് സർക്കാർ വിരുദ്ധ പ്രക്ഷോഭം കൊടുമ്പിരികൊണ്ട സാഹചര്യത്തിൽ കൊളംബിയക്ക് കോപ അമേരിക്ക ടൂർണമെന്‍റിന്‍റെ ആതിഥേയത്വം നഷ്ടമായി. അർജന്‍റീനയും കൊളംബിയയും സംയുക്തമായാണ് കോപ അമേരിക്കയുടെ 2021 എഡിഷന് ആതിഥേയത്വം വഹിക്കാനിരുന്നത്. 105 വർഷത്തിനിടെ ആദ്യമായിട്ടായിരുന്നു കൊളംബിയക്ക് വൻകരയുടെ ടൂർണമെന്‍റിന് വേദിയാകാൻ അവസരം ലഭിച്ചിരുന്നത്.
ജൂൺ 13 മുതൽ ജൂലൈ 10 വരെ നീണ്ടു നിൽക്കുന്ന ഫുട്ബോൾ മാമാങ്കത്തിന്‍റെ ഫൈനൽ തലസ്ഥാന നഗരമായ ബാറൻക്വില്ലയിലാണ് നടത്താൻ നിശ്ചയിച്ചിരുന്നത്.
ടൂർണമെന്‍റ് നവംബറിലേക്ക് മാറ്റണമെന്ന കൊളംബിയയുടെ ആവശ്യം നിരസിച്ചാണ് ദക്ഷിണ അമേരിക്കൻ ഫുട്ബാൾ ഫെഡറേഷൻ (കോൺമബോൾ) രാജ്യത്തെ ആതിഥേയത്വത്തിൽ നിന്ന് ഒഴിവാക്കിയത്. ‘2021 കോപ അമേരിക്ക യാഥാർഥ്യമാകുമെന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു.
കൊളംബിയയിൽ നടക്കാനിരുന്ന മത്സരങ്ങളുടെ പുതുക്കിയ വേദി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കും’ -കോൺമബോൾ അറിയിച്ചു.
ടൂർണമെന്‍റിന് മുഴുവനായി ആതിഥേയത്വം വഹിക്കാമെന്ന് അർജന്‍റീന സമ്മതിച്ചിട്ടുണ്ട്.