Mon. Dec 23rd, 2024
കോഴിക്കോട്:

കോഴിക്കോട് ജില്ലയിൽ ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന കേസുകളുടെ എണ്ണം വർധിക്കുന്നു. ഇന്നലെ പുതുതായി മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറു മാസത്തിനിടെ 10 പേരാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്.

ആറ് മാസത്തിനിടെ ബ്ലാക്ക് ഫംഗസ് ബാധയെത്തുടർന്ന് പൂർണമായി കാഴ്ചശക്തി നഷ്ടപ്പെട്ടു കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത് 4 പേരെയാണ്. ബ്ലാക്ക് ഫംഗസ് ബാധ ഒഴിവാക്കുന്നതിനായി ഇവരുടെ ഓരോ കണ്ണൂകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.

പുതുതായി രോഗബാധിതരായ മൂന്ന് പേരടക്കം 10 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ രണ്ട് പേർ കോഴിക്കോട് സ്വദേശികളും 5 പേർ മലപ്പുറം സ്വദേശികളും തൃശൂർ, പാലക്കാട്, തമിഴ്നാട് സ്വദേശികളായ ഓരോരുത്തരുമാണ്. ബ്ലാക്ക് ഫംഗസ് രക്ത കുഴലിനെ ബാധിക്കുകയാണെങ്കിൽ ശസ്ത്ര ക്രിയയിലൂടെ മാറ്റേണ്ടിവരുമെന്ന് മെഡിക്കൽ കോളജ് ഇ എൻ ടി വിഭാഗം മേധാവി ഡോ. കെപി സുനിൽ കുമാർ പറഞ്ഞു.

കൊവിഡ് ചികിത്സയുടെ ഭാഗമായി അമിതമായി സ്റ്റിറോയിഡ് മരുന്നുകൾ ഉപയോഗിക്കുമ്പോൾ രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നതാണ് ബ്ലാക്ക് ഫംഗസ് പിടിപെടാനുള്ള ഒരു കാരണം. സ്റ്റിറോയ്ഡ് മരുന്നുകൾ ഉപയോഗിച്ചില്ലെങ്കിൽ അതു ശ്വാസകോശത്തെ ബാധിക്കുകയും ചെയ്യും. അതിനാൽ സ്റ്റിറോയ്ഡ് മരുന്നുകൾ ഉപയോഗിക്കുന്നതിനൊപ്പം പ്രമേഹം നിയന്ത്രിക്കണമെന്നുമാണ് ഡോക്ടർമാർ പറയുന്നത്.

By Divya