Mon. Dec 23rd, 2024
ന്യൂദല്‍ഹി:

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ബിവി ശ്രീനിവാസ്. യൂത്ത് കോണ്‍ഗ്രസിനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്യുന്നവര്‍ക്ക് മാത്രമാണ് കോണ്‍ഗ്രസ് സഹായം നല്‍കുന്നതെന്നും മരണത്തെ പോലും വോട്ട് ബാങ്ക് ആക്കുകയാണെന്നുമായിരുന്നു സ്മൃതിയുടെ ട്വീറ്റ്.

കോണ്‍ഗ്രസ് ടൂള്‍ കിറ്റ് എക്‌സ്‌പോസ്ഡ് എന്ന ഹാഷ്ടാഗിലായിരുന്നു സ്മൃതി ഇറാനി ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ശ്രീനിവാസിന്റെ മറുപടി. മറുപടി നല്‍കാന്‍ വൈകിയതില്‍ ക്ഷമിക്കണം, ഞങ്ങള്‍, ഭക്ഷ്യ കിറ്റുകളും ഓക്‌സിജന്‍ സിലിന്ററും, ആംബുലന്‍സും, സുരക്ഷാ കിറ്റുമ എത്തിക്കുന്ന തിരക്കിലായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

ടാഗ് ചെയ്‌തോ അല്ലാതെയോ എത്രപേരെ സഹായിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രിയായ താങ്കള്‍ക്ക് പറയാമോ എന്നും ശ്രീനിവാസ് ചോദിച്ചു. കൊവിഡ് വ്യാപിക്കുന്നതിനിടെ രോഗികള്‍ക്ക് സഹായമെത്തിച്ചുകൊടുക്കുന്ന ശ്രീനീവാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സ്വീകാര്യത കിട്ടിയിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹത്തെ ദല്‍ഹി പൊലീസ് ചോദ്യം ചെയ്തിരുന്നു. പിന്നീട് ഇദ്ദേഹത്തിന് ക്ലീന്‍ചീറ്റ് ലഭിക്കുകയും ചെയ്തിരുന്നു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയെ തരംതാഴ്ത്താനായി കോണ്ഗ്രസ് ടൂള്‍ കിറ്റ് തയ്യാറാക്കിയെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിരുന്നു. ടൂള് കിറ്റിലൂടെ കൊവിഡ് മഹാമാരി കൈകാര്യം ചെയ്തതില് വീഴ്ച വരുത്തിയെന്ന് പ്രചരിപ്പിച്ച് മോദി സര്ക്കാരിനെ അപമാനിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നാണ് ബിജെപി ആരോപിച്ചത്.

By Divya