ദോഹ:
ലോകത്തിലെ സെൻട്രൽ ബാങ്കുകളെല്ലാം ചരിത്രത്തിലെ സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ ശൈഖ് അബ്ദുല്ല ബിൻ സഈദ് ആൽഥാനി. കൊവിഡ് പ്രതിസന്ധി അനിശ്ചിതമായി നീളുന്നതാണ് സെൻട്രൽ ബാങ്കുകൾ നേരിടുന്ന പ്രധാന വെല്ലുവിളി. ലണ്ടനിലെ കിങ്സ് ബിസിനസ് സ്കൂളിൽ ഖത്തർ സെൻറർ ഫോർ ഗ്ലോബൽ ബാങ്കിങ് ആൻഡ് ഫിനാൻസ് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക തകർച്ചയെ മാത്രമല്ല ബാങ്കുകൾക്ക് അഭിമുഖീകരിക്കാനുള്ളത്. പുതിയ സാങ്കേതിക സംവിധാനങ്ങളുടെ വളർച്ചയും സാമൂഹിക പ്രത്യാശകൾ മാറിമറിഞ്ഞതും ബാങ്കുകൾ നേരിടുന്ന വെല്ലുവിളിയാണെന്നും സെൻട്രൽ ബാങ്ക് ഗവർണർ ശൈഖ് അബ്ദുല്ല ആൽഥാനി വ്യക്തമാക്കി.
കൊവിഡ് മഹാമാരി ഒരുവർഷം പിന്നിടുമ്പോൾ ആഗോള സാമ്പത്തികരംഗം വീണ്ടും ഇടിയുകയാണ്. ഈ വർഷം തുടക്കത്തിലുണ്ടായിരുന്ന സാമ്പത്തിക വളർച്ച ആശാവഹമായിരുന്നു. എന്നാൽ വീണ്ടും തകർച്ചയിലേക്കാണ് പോക്കെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര നാണയനിധി (ഇൻറർനാഷനൽ മോണിറ്ററി ഫണ്ട് ഐഎംഎഫ്) റിപ്പോർട്ട് പ്രകാരം നടപ്പുവർഷം ആറു ശതമാനം വളർച്ചയാണ് സാമ്പത്തികരംഗത്ത് ആഗോളതലത്തിൽ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.